പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെടുത്തി; ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ സെൽ

പ്രവാസി ലീഗൽ സെല്ലിന്റെ നിയമസഹായ പ്രവർത്തനങ്ങൾ, മാനുഷിക ഇടപെടലുകൾ, നിയമബോധവത്ക്കരണ പരിപാടികൾ, ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കായി നടപ്പിലാക്കിവരുന്ന വിവിധ സേവനങ്ങൾ എന്നിവയും ഭാരവാഹികൾ വിശദീകരിച്ചു.

പ്രവാസി ലീഗൽ സെൽ (പിഎൽസി) ബഹ്‌റൈൻ ചാപ്റ്റർ ഗവേണിങ് കൗൺസിൽ അംഗങ്ങൾ ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിങ് രാജ്പുരോഹിതുമായി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും വെല്ലുവിളികളും പ്രതിനിധിസംഘം അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രവാസികളുടെ നിയമപരമായ അവകാശങ്ങൾ, ക്ഷേമം, സുരക്ഷ, തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ പ്രധാന വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുകയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം അംബാസഡർക്ക് സമർപ്പിക്കുകയും ചെയ്തു.

പ്രവാസി ലീഗൽ സെല്ലിന്റെ നിയമസഹായ പ്രവർത്തനങ്ങൾ, മാനുഷിക ഇടപെടലുകൾ, നിയമബോധവത്ക്കരണ പരിപാടികൾ, ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കായി നടപ്പിലാക്കിവരുന്ന വിവിധ സേവനങ്ങൾ എന്നിവയും ഭാരവാഹികൾ വിശദീകരിച്ചു. പ്രവാസികളുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം കേട്ട അംബാസഡർ, പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യം പ്രകടിപ്പിക്കുകയും ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമായി സംഘടന നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയും സഹകരണവും ഉറപ്പുനൽകുകയും ചെയ്തു. ചടങ്ങിൽ വെച്ച് പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ ഔദ്യോഗിക വാർത്താപത്രികയായ ‘ദി ബ്രിഡ്ജി’ന്റെ ഏറ്റവും പുതിയ പതിപ്പിന്റെ പ്രകാശനവും അംബാസഡർ നിർവഹിച്ചു.

പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഒയും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജ്, സീനിയർ ഗവേണിങ് കൗൺസിൽ അംഗവും മീഡിയ കോർഡിനേറ്ററുമായ രാജി ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറിമാരായ മുഹമ്മദ് സലീം, ഫസീല ഖാലിദ്, ഇവന്റ് കോർഡിനേറ്റർ സ്പന്ദന കിഷോർ എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി ഇന്ത്യൻ എംബസിയുമായും ബഹ്‌റൈനിലെ ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Content Highlights: Pravasi Legal Cell met the Indian Ambassador to highlight expatriate welfare initiatives and discuss key issues affecting the Indian expat community.

To advertise here,contact us