ബഹ്റൈനിൽ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾക്ക് വലിയ ആശ്വാസമേകുന്ന തീരുമാനവുമായി വ്യവസായ-വാണിജ്യ മന്ത്രാലയം. ഡിസംബർ മാസം മുഴുവൻ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും പ്രത്യേക ലൈസൻസ് ഫീസൊന്നും നൽകാതെ തന്നെ പ്രമോഷൻ ക്യാമ്പയിനുകൾ നടത്താൻ മന്ത്രാലയം അനുമതി നൽകി.
ഡിസംബർ ഒന്ന് മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ഈ പ്രത്യേക ആനുകൂല്യത്തിലൂടെ വ്യാപാരികൾക്ക് വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ഓഫറുകളും ഡിസ്കൗണ്ടുകളും ഉപഭോക്താക്കൾക്കായി പ്രഖ്യാപിക്കാം. ദേശീയദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിപണിയിൽ വ്യാപാര പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുകയും പ്രാദേശിക സംരംഭങ്ങൾക്ക് പിന്തുണ നൽകുകയുമാണ് ഈ പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഈ ആനുകൂല്യത്തിന്റെ ഭാഗമാകാൻ താൽപ്പര്യമുള്ള വ്യാപാരികൾക്ക് വ്യവസായ-വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പറായ 17007003-ലും ബന്ധപ്പെടാം. ദേശീയദിനാഘോഷ കാലയളവിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും വ്യാപാര സ്ഥാപനങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കാനും പുതിയ തീരുമാനം ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: FIFA confirms that the U-17 World Cup schedule in Qatar will remain unchanged, citing the country's safety and strong event organisation.