വിദ്യാഭ്യാസ നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഇന്ത്യൻ സ്‌കൂൾ; ഡിസംബർ 11ന് ഭരണസമിതി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുന്നതോടെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും നടത്താനാണ് നീക്കം

കഴിഞ്ഞ മൂന്ന് വർഷത്തെ ഭരണനേട്ടങ്ങളും വിദ്യാഭ്യാസ മികവും ഉയർത്തിക്കാട്ടി ബഹ്‌റൈനിലെ ഇന്ത്യൻ സ്‌കൂൾ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഡിസംബർ 11ന് നടത്താനുള്ള അനുമതിക്കായി ബന്ധപ്പെട്ട മന്ത്രാലയത്തെ സമീപിച്ചതായി സ്‌കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ട്യൻ, അസിസ്റ്റന്റ് സെക്രട്ടറി രഞ്ജിനി മോഹൻ, മറ്റ് ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുന്നതോടെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും നടത്താനാണ് നീക്കം.

ഒരു വർഷം നീണ്ട പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളാണ് കഴിഞ്ഞ കാലയളവിലെ പ്രധാന നേട്ടങ്ങളിലൊന്ന്. 2025 ജനുവരി 23ന് വിദ്യാഭ്യാസ മന്ത്രാലയം, ഇന്ത്യൻ എംബസി, പ്രമുഖ വ്യക്തികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായത്. ബഹ്‌റൈൻ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയുടെ 'ഗുഡ്' റേറ്റിംഗ് നേടാനായതും സ്‌കൂളിന്റെ പ്രധാന നേട്ടമായി അധികൃതർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ രംഗത്ത് സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സെയ്ൻ ബഹ്‌റൈനുമായി സഹകരിച്ച് ഏകദേശം നാല് ലക്ഷം ദിനാർ ചെലവിൽ 350 ഇന്ററാക്ടീവ് ഡിജിറ്റൽ പാനലുകൾ ക്ലാസ് മുറികളിൽ സ്ഥാപിച്ചു. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള അധ്യാപനത്തിന് കൂടുതൽ സൗകര്യമൊരുക്കുന്നതാണ് സ്മാർട്ട് ക്ലാസ് റൂം പദ്ധതി. ഡി സി. പാരന്റ് ആപ്പ് വഴി തത്സമയ സ്‌കൂൾ ബസ് ട്രാക്കിങ് സൗകര്യവും ആരംഭിച്ചു. 2026 ഒക്ടോബർ ഒന്നിന് റിഫ കാമ്പസിൽ തുടങ്ങിയ ഈ സംവിധാനം പിന്നീട് ഈസ ടൗൺ കാമ്പസിലേക്കും വ്യാപിപ്പിക്കും.

പ്രൈമറി വിദ്യാർത്ഥികളിൽ ശാസ്ത്രത്തോടുള്ള താൽപര്യം വളർത്തുന്നതിനായി റിഫ കാമ്പസിൽ സയൻസ് എക്സ്പ്ലോർ മുറികളും സജ്ജമാക്കി. കാനൂ ക്ലീൻമാക്സ് റിന്യൂവബിൾസ് അസറ്റ്കോയുമായി സഹകരിച്ച് ഈസ ടൗൺ, റിഫ കാമ്പസുകളിൽ സൗരോർജ പദ്ധതിയും നടപ്പിലാക്കി. ഐഐടി മദ്രാസുമായി സഹകരിച്ചുള്ള സ്കൂൾ കണക്ട് പദ്ധതിയിലൂടെ അക്കാദമിക പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്തു. ഈ വർഷത്തെ സിബിഎസ്ഇ പരീക്ഷാഫലങ്ങളിലും സ്‌കൂൾ മികച്ച നേട്ടം കൈവരിച്ചു. പത്താം ക്ലാസിൽ 99.99 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 98.09 ശതമാനവുമാണ് വിജയശതമാനം. പത്താം ക്ലാസിൽ ഹർഷ് ബാബർവാൾ 500ൽ 498 മാർക്കോടെ സ്‌കൂൾ ടോപ്പറായി. പന്ത്രണ്ടാം ക്ലാസിൽ ജിസെൽ ഷാരോൺ ഫെർണാണ്ടസ് 488 മാർക്കോടെ ഒന്നാമതെത്തി. 21 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ1 ഗ്രേഡ് നേടി. 52 പേർ 90 ശതമാനത്തിലധികം മാർക്കും കരസ്ഥമാക്കി. അക്കാദമിക മികവിനുള്ള 11 സിബിഎസ്ഇ ഗൾഫ് സഹോദയ അവാർഡുകളിൽ ഏഴെണ്ണവും നേരത്തെ സ്‌കൂൾ നേടിയിരുന്നു.

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിലൂടെ ആറ് സ്കൗട്ടുകളും 13 ഗൈഡുകളും ഉൾപ്പെടെ 19 വിദ്യാർത്ഥികൾ രാജ്യ പുരസ്‌കാർ അവാർഡും നേടി. 2016ൽ സ്‌കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രവർത്തനം ആരംഭിച്ചതിനുശേഷം ഈ അംഗീകാരം നേടുന്ന ബഹ്‌റൈനിൽ നിന്നുള്ള ആദ്യ ബാച്ചാണിതെന്നും അധികൃതർ പറഞ്ഞു. കായിക മത്സരങ്ങളിലും വിദ്യാർത്ഥികൾ നേട്ടങ്ങൾ കൈവരിച്ചു. പുതിയ പ്ലാറ്റിനം ജൂബിലി കെട്ടിടത്തിന്റെ നിർമാണത്തിനും ഭരണസമിതി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 48 വർഷത്തിലേറെ പഴക്കമുള്ള ടാഗോർ കെട്ടിടത്തിന് പകരമായാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പൊതുയോഗത്തിന്റെ അംഗീകാരത്തെത്തുടർന്ന് പൗലൈഡ്സ് കൺസ്ട്രക്ഷൻ കമ്പനിയുമായി നിർമാണ കരാറിൽ ഏർപ്പെടാനും ലെറ്റർ ഓഫ് ഇന്റന്റ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.

സ്‌കൂളിന്റെ ഭരണസംവിധാനത്തിലും നിർണായക മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ്. കൊമേഴ്‌സ്യൽ രജിസ്ട്രേഷൻ (CR) നേടുന്നതിനുള്ള മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിലവിലെ രക്ഷിതാക്കൾ ഉടമസ്ഥരാകുന്ന പുതിയ ഭരണഘടനയിലേക്ക് മാറാനാണ് പദ്ധതി. പുതിയ സംവിധാനത്തിൽ ഏഴ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരിക്കും ഭരണസമിതിയിലുണ്ടാകുക. രണ്ട് കാമ്പസുകളിലെയും പ്രിൻസിപ്പൽമാരും സ്റ്റാഫ് പ്രതിനിധികളും എക്സ്-ഒഫീഷ്യോ അംഗങ്ങളായിരിക്കും. മൂന്ന് വർഷത്തിലൊരിക്കൽ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് പുതിയ ഭരണഘടനയിലെയും രീതി. സർക്കാർ അനുമതികൾക്കും നിയന്ത്രണ വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും മാറ്റങ്ങൾ നടപ്പാക്കുക.

ഓൺലൈൻ ഫീസ് പേയ്‌മെന്റ് സംവിധാനങ്ങൾ ഉൾപ്പെടെ സ്‌കൂൾ സേവനങ്ങളുടെ നവീകരണത്തിനും ഭരണസമിതി മുൻഗണന നൽകി. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, ബെനിഫിറ്റ് എന്നിവ വഴി ഫീസ് അടയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയതായും അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയം, ഇന്ത്യൻ എംബസി, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, ഇന്ത്യൻ സമൂഹം എന്നിവരുടെ പിന്തുണയ്ക്കും ഭരണസമിതി നന്ദി അറിയിച്ചു.

Content Highlights: The Indian School has highlighted its educational achievements over the past three years ahead of the management committee election scheduled for December 11.

To advertise here,contact us