ബഹ്റൈനിൽ അമിത തിരക്കുള്ള സമയങ്ങളിലും മൊബൈൽ നെറ്റ്വർക്കുകൾ മികച്ച ഗുണനിലവാരം പുലർത്തുന്നതായി റിപ്പോർട്ട്. പ്രമുഖ ആഗോള നെറ്റ്വർക്ക് ടെസ്റ്റിംഗ് സ്ഥാപനമായ ഓക്ലാ (Ookla) പുറത്തുവിട്ട പുതിയ പഠനത്തിലാണ് ബഹ്റൈൻ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി വ്യക്തമാക്കുന്നത്. യുകെ, ജർമ്മനി ഉൾപ്പെടെയുള്ള പ്രമുഖ യൂറോപ്യൻ രാജ്യങ്ങളെ പിന്നിലാക്കിയാണ് ബഹ്റൈന്റെ ഈ മുന്നേറ്റം.
മൊബൈൽ നെറ്റ്വർക്കുകളിലെ തിരക്ക് അളക്കുന്ന 'കൺജഷൻ റേറ്റിംഗിൽ' 17.9 പോയിന്റാണ് ബഹ്റൈൻ നേടിയത്. റേറ്റിംഗ് പോയിന്റ് കുറയുന്നത് നെറ്റ്വർക്കിന്റെ ഉയർന്ന ഗുണനിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളുടെ ശരാശരി കൺജഷൻ സ്കോർ 28.8 ആയിരിക്കെയാണ് ബഹ്റൈൻ മികച്ച പ്രകടനം കാഴ്ചവെച്ചത്. മറ്റ് പ്രമുഖ രാജ്യങ്ങളായ ഡെൻമാർക്ക് (19.6), ജർമ്മനി (28.8), യുകെ (30.7) എന്നിവയേക്കാൾ ബഹുദൂരം മുന്നിലെത്താൻ ബഹ്റൈന് സാധിച്ചു.
ടെലികോം അടിസ്ഥാന സൗകര്യങ്ങളിലെ കാര്യക്ഷമമായ നിക്ഷേപവും 5ജി ശൃംഖലയുടെ വിപുലീകരണവുമാണ് ബഹ്റൈന്റെ ഈ വിജയത്തിന് പിന്നിൽ. 2025-ന്റെ മൂന്നാം പാദത്തിൽ 38-ന് അടുത്തായിരുന്ന ബഹ്റൈന്റെ കൺജഷൻ സ്കോർ, 5ജി സ്റ്റാൻഡ്എലോൺ, 5ജി അഡ്വാൻസ്ഡ് സാങ്കേതികവിദ്യകളുടെ വ്യാപനത്തോടെ ഗണ്യമായി കുറയ്ക്കാൻ സാധിച്ചു. ടെലികോം രംഗത്തെ ഈ പുരോഗതിയുടെ ഫലമായി ഈ വർഷത്തെ ആദ്യ പാദത്തിലെ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സിൽ ബഹ്റൈൻ, യു.എ.ഇ, ഖത്തർ, കുവൈത്ത് എന്നീ നാല് ഗൾഫ് രാജ്യങ്ങൾ മുൻനിര സ്ഥാനങ്ങൾ സ്വന്തമാക്കി.
അതേസമയം, റമദാൻ മാസത്തിലെ ഇഫ്താർ സമയങ്ങളിൽ കോളുകളും സന്ദേശങ്ങളും വീഡിയോ സ്ട്രീമിംഗും കുത്തനെ കൂടുന്നതിനാൽ നെറ്റ്വർക്ക് വേഗത സാധാരണ നിലയേക്കാൾ 60 ശതമാനം വരെ കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. 5ജി അല്ലാത്ത പഴയ നെറ്റ്വർക്കുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളെയായിരിക്കും ഇത് കൂടുതൽ ബാധിക്കുക.
Content Highlights: Bahrain has recorded significant improvement in mobile network performance, particularly during periods of heavy traffic. Ookla data shows Bahrain’s congestion rating fell by nearly 12 points year-on-year, with improvements in download speed, latency and queuing.