ബഹ്റൈനിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് നിലവിലെ വർക്ക് പെർമിറ്റ് നിലനിർത്തിക്കൊണ്ടുതന്നെ മറ്റൊരു സ്ഥാപനത്തിൽ താൽക്കാലികമായി ജോലി ചെയ്യാൻ അനുമതി നൽകുന്ന സുപ്രധാന നിയമം പ്രാബല്യത്തിൽ വന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ ഭേദഗതി പ്രകാരം പരമാവധി മൂന്ന് മാസം വരെയാണ് തൊഴിലാളികൾക്ക് രണ്ട് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ സാധിക്കുന്നത്.
ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതം നിർബന്ധമാണ്. കൂടാതെ, നിലവിലെ തൊഴിലുടമയുടെയും തൊഴിലാളിയെ താൽക്കാലികമായി ഏറ്റെടുക്കുന്ന സ്ഥാപനത്തിന്റെയും സമ്മത പത്രത്തോടൊപ്പം എൽഎംആർഎയുടെ പ്രത്യേക അനുമതിയും നേടിയിരിക്കണം. 2026-ലെ തീരുമാന നമ്പർ 2 പ്രകാരമാണ് 2008 മുതൽ നിലവിലുണ്ടായിരുന്ന തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തിയത്. എന്നാൽ ഈ പുതിയ വ്യവസ്ഥ ഗാർഹിക തൊഴിലാളികൾക്ക് ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
തൊഴിലാളിയെ താൽക്കാലികമായി ഏറ്റെടുക്കുന്ന സ്ഥാപനത്തിന് നിലവിലെ തൊഴിലുടമയുടേതിന് തുല്യമോ അതിൽ കൂടുതലോ ആയ 'ബഹ്റൈനൈസേഷൻ' (ദേശീയവൽക്കരണ) നിരക്ക് ഉണ്ടായിരിക്കണമെന്നാണ് പ്രധാന നിബന്ധന. ഇനി നിരക്ക് കുറവുള്ള സ്ഥാപനമാണെങ്കിൽ, എൽഎംആർഎ ഫീസ് ചട്ടപ്രകാരമുള്ള തുക പുതിയ തൊഴിലുടമ അടയ്ക്കേണ്ടി വരും. മൂന്ന് മാസത്തെ ഈ താൽക്കാലിക ജോലിക്കാലയളവിൽ തൊഴിലാളിയുടെ നിയമപരമായ അവകാശങ്ങളും വേതനവും ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഇരു തൊഴിലുടമകളും സംയുക്തമായി പങ്കിടും.
ഒരേ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കിടയിലോ, ഒരേ ഗ്രൂപ്പിന് കീഴിലുള്ള വ്യത്യസ്ത കൊമേഴ്സ്യൽ രജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾക്കിടയിലോ വിദേശ തൊഴിലാളികളെ താൽക്കാലികമായി മാറ്റാനും പുതിയ നിയമം അനുമതി നൽകുന്നുണ്ട്. അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ എൽഎംആർഎ തൊഴിലാളിയെയും ബന്ധപ്പെട്ട തൊഴിലുടമകളെയും വിവരമറിയിക്കും. അതേസമയം, വിദേശ തൊഴിലാളികൾ തങ്ങൾക്ക് അനുമതി ലഭിച്ചിരിക്കുന്ന നിശ്ചിത ജോലിസ്ഥലത്ത് തന്നെ ജോലി ചെയ്യണമെന്ന കർശന വ്യവസ്ഥയും പുതിയ ഭേദഗതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Bahrain has introduced new rules allowing expatriate workers to work for another employer for up to three months with approval from the Labour Market Regulatory Authority (LMRA). Written consent from the worker and both employers is required, along with other conditions related to Bahrainisation rates.