ലോക കേരള സഭ അവസാനിപ്പിക്കുന്നതിൽ പ്രതിഷേധം; തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ബഹ്‌റൈൻ പ്രതിഭ

കൂടുതൽ കരുത്തോടെയും പങ്കാളിത്തത്തോടെയും ഈ സംവിധാനം മുന്നോട്ട് കൊണ്ടുപോകണമെന്നും പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കണമെന്നും ബഹ്‌റൈൻ പ്രതിഭ

ലോക കേരള സഭ തുടരേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ബഹ്‌റൈൻ പ്രതിഭ. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ഔദ്യോഗിക പ്രതിനിധി വേദിയായ ഈ സംവിധാനം ഇല്ലാതാക്കുന്നത് പ്രവാസി സമൂഹത്തോട് കാണിക്കുന്ന കടുത്ത അവഗണനയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. പ്രവാസികൾക്ക് സംസ്ഥാന സർക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താനും തങ്ങളുടെ പ്രശ്നങ്ങൾ ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും ലഭിച്ചിരുന്ന വലിയൊരു അവസരമാണ് ഇതോടെ നഷ്ടമാകുന്നത്.

2018-ൽ രൂപീകൃതമായ ലോക കേരള സഭ, പ്രവാസികളുടെ സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ ശേഷിയെ നാടിന്റെ വികസനവുമായി കൂട്ടിയോജിപ്പിക്കുന്നതിൽ സുപ്രധാന പങ്കാണ് വഹിച്ചിരുന്നത്. നിയമസഭാംഗങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളും ഒന്നിച്ചിരിക്കുന്ന ഇത്തരം ഒരു ജനാധിപത്യ വേദിയെ പെട്ടെന്ന് ഉപേക്ഷിക്കുന്നത് പ്രവാസി സമൂഹത്തിനിടയിൽ വലിയ നിരാശയുണ്ടാക്കുന്നുണ്ടെന്ന് പ്രതിഭ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനും സർക്കാരുമായുള്ള നിരന്തര ആശയവിനിമയത്തിനും ശക്തമായ ഒരു ഔദ്യോഗിക സംവിധാനം അനിവാര്യമാണ്. പ്രവാസി പ്രാതിനിധ്യം ഇല്ലാതാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. അതിനാൽ ലോക കേരള സഭ അവസാനിപ്പിക്കാനുള്ള തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

കൂടുതൽ കരുത്തോടെയും പങ്കാളിത്തത്തോടെയും ഈ സംവിധാനം മുന്നോട്ട് കൊണ്ടുപോകണമെന്നും പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കണമെന്നും ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി വി. കെ. സുലേഷും പ്രസിഡന്റ് കെ. വി. മഹേഷും വാർത്താക്കുറിപ്പിലൂടെ സർക്കാരിനോട് അഭ്യർത്ഥിച്ചു.

Content Highlights: Bahrain Prathibha has expressed opposition to the reported decision to discontinue the World Kerala Sabha. The organisation has urged the government to reconsider and withdraw the decision, highlighting the forum’s role in connecting Kerala with the expatriate community. The statement follows discussions over the future of the World Kerala Sabha.

To advertise here,contact us