അഞ്ച് വർഷമായി പ്രവർത്തനമില്ല; ഇന്ത്യൻ സൊസൈറ്റി ഉൾപ്പെടെ 45 ക്ലബ്ബുകൾ പിരിച്ചുവിട്ട് ബഹ്റൈൻ

ഈ സംഘടനകൾ അഞ്ച് വർഷത്തിലധികമായി പൂർണ്ണമായും പ്രവർത്തനരഹിതമാണെന്ന് അധികൃതർ

അഞ്ച് വർഷത്തിലേറെയായി യാതൊരുവിധ പ്രവർത്തനങ്ങളും നടത്താതെ തുടർന്ന 45 അസോസിയേഷനുകളും ക്ലബ്ബുകളും പിരിച്ചുവിട്ട് ബഹ്റൈൻ സർക്കാർ. രാജ്യത്തെ പ്രമുഖ പ്രവാസി സംഘടനകളും ദീർഘകാലമായി പ്രവർത്തിച്ചിരുന്ന പ്രാദേശിക കൂട്ടായ്മകളും ഉൾപ്പെടെയുള്ളവയ്ക്കാണ് സാമൂഹിക വികസന മന്ത്രാലയം നിർബന്ധിത പിരിച്ചുവിടൽ ഉത്തരവ് നൽകിയത്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അഭൂതപൂർവ്വമായ നടപടിയാണിത്.

സാമൂഹിക വികസന മന്ത്രി ഒസാമ അൽ അലവി പുറപ്പെടുവിച്ച 2026-ലെ 57-ാം നമ്പർ ഉത്തരവ് പ്രകാരമാണ് നടപടി. ഇത് സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. ഈ സംഘടനകൾ അഞ്ച് വർഷത്തിലധികമായി പൂർണ്ണമായും പ്രവർത്തനരഹിതമാണ്. ഇത് രാജ്യത്തെ സിവിൽ സൊസൈറ്റി നിയമങ്ങളുടെയും സംഘടനകളുടെ ഭരണഘടനാ ചട്ടങ്ങളുടെയും ലംഘനമാണ്. മന്ത്രാലയത്തിലെ സിവിൽ സൊസൈറ്റി ഓർഗനൈസേഷൻസ് സപ്പോർട്ട് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്ത്യൻ സൊസൈറ്റി, മലേഷ്യൻ ക്ലബ്ബ്, ലെബനീസ് ക്ലബ്ബ്, തുർക്കിഷ് സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ, തുർക്കിഷ് ബിസിനസ്മെൻ അസോസിയേഷൻ ഇൻ ദി മിഡിൽ ഈസ്റ്റ്, അറബ്-ലാറ്റിൻ അമേരിക്കൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ, ബംഗ്ലാദേശ് സമാജ് സൊസൈറ്റി തുടങ്ങി നിരവധി പ്രവാസി, സാംസ്കാരിക സംഘടനകൾ നടപടി നേരിട്ടവയിൽ ഉൾപ്പെടുന്നു.

ഇതിനുപുറമെ അറബ് യൂത്ത് സൊസൈറ്റി, ബഹ്റൈനി ഫ്രണ്ട്സ് ഓഫ് യൂത്ത് സൊസൈറ്റി, ബഹ്റൈനി സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് യൂത്ത്, ഗൾഫ് സൊസൈറ്റി ഫോർ വോളന്ററി വർക്ക് തുടങ്ങിയ പ്രാദേശിക കൂട്ടായ്മകളെയും പ്രവർത്തനരഹിതമായതിനെ തുടർന്ന് പട്ടികയിൽ ഉൾപ്പെടുത്തി പിരിച്ചുവിട്ടിട്ടുണ്ട്.

Content Highlights: Bahrain has dissolved 45 associations and clubs following prolonged inactivity. The move affects several expatriate community organisations and long-established local groups that had remained inactive for five years.

To advertise here,contact us