രണ്ട് വർഷം നീണ്ട ജനന സർട്ടിഫിക്കറ്റ് നിയമക്കുരുക്ക്; പ്രവാസി ലീ​ഗൽ സെൽ ഇടപെട്ടു, മലയാളി കുടുംബം നാട്ടിലേക്ക്

സ്ഥിരമായ തൊഴിലോ വരുമാനമോ ഇല്ലാത്തതിനാൽ കുട്ടികളുടെ ഭക്ഷണത്തിനും താമസത്തിനും പോലും വിഷമിച്ചിരുന്ന കുടുംബം 2026 മാർച്ച് മാസത്തിലാണ് പ്രവാസി ലീഗൽ സെല്ലിന്റെ സഹായം തേടുന്നത്

രണ്ട് വർഷത്തോളം നീണ്ട ജനന സർട്ടിഫിക്കറ്റും മറ്റ് നിയമപരമായ രേഖകളും സംബന്ധിച്ച സങ്കീർണ്ണമായ പ്രതിസന്ധികൾക്ക് ഒടുവിൽ പരിഹാരം. പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്ററിന്റെ നിരന്തരമായ ഇടപെടലിലൂടെ ഒരു അമ്മയും അവരുടെ രണ്ട് കുഞ്ഞുങ്ങളും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങി. അരുണിമ ബേബി കരിമ്പാടം കുനിയിൽ, മക്കളായ ഗ്രീവ മറിയം, സയാൻ മുഹമ്മദ് എന്നിവരാണ് വ്യാഴാഴ്ച രാവിലെയോടെ എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലെത്തിയത്.

സ്ഥിരമായ തൊഴിലോ വരുമാനമോ ഇല്ലാത്തതിനാൽ കുട്ടികളുടെ ഭക്ഷണത്തിനും താമസത്തിനും പോലും വിഷമിച്ചിരുന്ന കുടുംബം 2026 മാർച്ച് മാസത്തിലാണ് പ്രവാസി ലീഗൽ സെല്ലിന്റെ സഹായം തേടുന്നത്. കുട്ടികളുടെ ജനന രേഖകൾ, പാസ്‌പോർട്ട്, റെസിഡൻസി തുടങ്ങിയവ സമയബന്ധിതമായി ലഭിക്കാതിരുന്നതാണ് കുടുംബത്തിന്റെ മടക്കയാത്രയെ സങ്കീർണ്ണമാക്കിയത്. തുടർന്ന് പിഎൽസി ഭാരവാഹികളായ സുധീർ തിരുനിലത്ത്, ഡോ. റിതിൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ നിയമപോരാട്ടവും ഏകോപനവും ആരംഭിക്കുകയായിരുന്നു.

കുട്ടികളുടെ ജനന രേഖകൾ ലഭ്യമാക്കാൻ പിഎൽസി പാനൽ അഭിഭാഷകൻ അഡ്വ. താരിഖ് അലോൺ നടത്തിയ മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ബഹ്റൈൻ കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിക്കാനായി. ഇതുകൂടാതെ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ നിലനിന്നിരുന്ന 597 ദീനാറിന്റെ കുടിശ്ശികയിൽ മാനേജ്‌മെന്റ് 70 ശതമാനം ഇളവ് നൽകി, തുക 180 ദീനാറായി കുറച്ചു നൽകിയതും വലിയ ആശ്വാസമായി. സൽമാനിയ ആശുപത്രിയിൽ നിന്നുള്ള മറ്റ് രേഖകളും ഇതോടെ ലഭ്യമാക്കാൻ സാധിച്ചു.

പ്രതിസന്ധി ഘട്ടത്തിൽ ബഹ്റൈനിലെ മുൻ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, എംബസി വെൽഫെയർ വിങ്, ഇമിഗ്രേഷൻ വിഭാഗം എന്നിവരുടെ പിന്തുണയും നിർണ്ണായകമായി. ഇതിനുപുറമേ, പത്ത് മാസത്തിലേറെയായി വാടക കുടിശ്ശികയായിട്ടും കുടുംബത്തെ ഒഴിപ്പിക്കാതെ താമസിപ്പിച്ച കെട്ടിട ഉടമയുടെ കരുണയും ശ്രദ്ധേയമായി.

കുഞ്ഞ് ജനിച്ചാൽ ജനന അറിയിപ്പും സർട്ടിഫിക്കറ്റും യഥാസമയം തന്നെ എടുക്കാൻ എല്ലാ പ്രവാസികളും ശ്രദ്ധിക്കണമെന്ന് പിഎൽസി പ്രസിഡന്റ് സുധീർ തിരുനിലത്ത് അഭ്യർത്ഥിച്ചു. ചെറിയൊരു കാലതാമസം പോലും പിന്നീട് വലിയ ഇമിഗ്രേഷൻ നിയമപ്രശ്നങ്ങൾക്കും കോടതി നടപടികൾക്കും കാരണമായേക്കാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Content Highlights: A two year legal issue involving birth certificates has been resolved following the intervention of the Expatriate Legal Cell. The resolution enabled the mother and her children to return home. The case had remained unresolved for two years before the legal intervention.

To advertise here,contact us