ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ, കിംസ് ഹെൽത്തുമായി സഹകരിച്ച് ന്യൂറോളജി, രക്തദാനം എന്നീ വിഷയങ്ങളിൽ ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഇതിനോടൊപ്പം ബിഡികെ അംഗങ്ങൾക്കായി കിംസ് ഹെൽത്ത് അനുവദിച്ച പ്രത്യേക ഡിസ്കൗണ്ട് കാർഡുകളുടെ വിതരണ ചടങ്ങും നടന്നു.
അൽ ഹസ്സം കിംസ് ഹോസ്പിറ്റലിൽ വച്ച് നടന്ന ചടങ്ങിൽ, കിംസ് ഹെൽത്ത് അഡ്മിനിസ്ട്രേറ്റർ ഡോ. മിഷാൽ ഡിസ്കൗണ്ട് കാർഡുകൾ ബിഡികെ ബഹ്റൈൻ ചെയർമാൻ കെടി സലിം, പ്രസിഡൻ്റ് റോജി ജോൺ എന്നിവർക്ക് കൈമാറി. ആദ്യ കാർഡ് ബിഡികെ അംഗമായ മിനി മാത്യു ഏറ്റുവാങ്ങി. തുടർന്ന്, കിംസ് ഹെൽത്തിന്റെ നാല് ബ്രാഞ്ചുകളിൽ കാർഡ് ഉടമകൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ച് കിംസ് പ്രതിനിധി സൂര്യ നാരായണൻ വിശദീകരിച്ചു.
ചടങ്ങിൽ നടന്ന ന്യൂറോളജി ബോധവത്ക്കരണ ക്ലാസിന് കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. സരിക പാട്ടീൽ നേതൃത്വം നൽകുകയും സദസ്സുമായി സംവദിക്കുകയും ചെയ്തു. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച സൽമാനിയ ബ്ലഡ് ബാങ്ക് സ്റ്റാഫും ബിഡികെ ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ശിഹാബുദ്ധീൻ, രക്തദാനവുമായി ബന്ധപ്പെട്ട് പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ക്ലാസുകൾക്ക് നേതൃത്വം നൽകിയ ഇരുവർക്കും ബിഡികെ ബഹ്റൈൻ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
പരിപാടികൾക്ക് ബിഡികെ ബഹ്റൈൻ ആക്ടിങ് ജനറൽ സെക്രട്ടറി സുനിൽ മനവളപ്പിൽ, ട്രെഷറർ ജിബിൻ ജോയ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുരേഷ് പുത്തൻവിളയിൽ, സലീന റാഫി, സാബു അഗസ്റ്റിൻ, രാജേഷ് പന്മന, ഗിരീഷ് തൃക്കരിപ്പൂർ, സെന്തിൽകുമാർ, ഗിരീഷ് പിള്ള, ഫാത്തിമ സഹ്ല, അബ്ദുൽ നാഫി, ബിജു വിഎസ്, മൊയ്ദു തിരുവള്ളൂർ എന്നിവർ നേതൃത്വം നൽകി.
Content Highlights: BDK Bahrain and KIMS Health have joined hands to mark Indian Independence Day through a health awareness initiative focused on community wellness and preventive healthcare.