ബഹ്റൈനിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി സീനത്ത് ചോലക്കൽ തുടർചികിത്സയ്ക്കായി സുരക്ഷിതമായി നാട്ടിലേക്ക് യാത്ര തിരിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന സീനത്തിന്റെ മോശം ആരോഗ്യസ്ഥിതിയും സാമ്പത്തിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്ററും കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും ചേർന്നാണ് നാട്ടിലെത്തിക്കാനുള്ള ഇടപെടലുകൾ നടത്തിയത്.
സീനത്തിന്റെ പ്രയാസങ്ങൾ മനസിലാക്കി ബഹ്റൈനിലെ ഇന്ത്യൻ എംബസിയാണ് സൗജന്യമായി വിമാന ടിക്കറ്റ് അനുവദിച്ചു നൽകിയത്. പ്രതിസന്ധി ഘട്ടത്തിൽ സമയോചിതമായി ഇടപെട്ട് മാനുഷിക പരിഗണന നൽകിയ ഇന്ത്യൻ എംബസിക്ക് പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ പ്രത്യേക നന്ദി രേഖപ്പെടുത്തി. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിലാണ് യാത്രയ്ക്കായുള്ള ഏകോപനങ്ങൾ പൂർത്തിയാക്കിയത്. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ജനറൽ സെക്രട്ടറി അരുൺ പ്രകാശും യാത്രാനടപടിക്രമങ്ങളിൽ സജീവമായി പങ്കാളിയായി.
ഇൻഡിഗോ വിമാനത്തിൽ ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്കാണ് സീനത്ത് യാത്ര തിരിഞ്ഞത്. യാത്രയിലുടനീളം സീനത്തിനെ പരിചരിക്കാനും സഹായിക്കാനുമായി പ്രവാസി സുഹൃത്തായ ഉണ്ണിയും കുടുംബവും ഒപ്പമുണ്ടായിരുന്നു. കൊച്ചി വിമാനത്താവളത്തിൽ എത്തിയ സീനത്തിനെ തുടർന്നുള്ള ചികിത്സയ്ക്കായി നോർക്കയുടെ ആംബുലൻസ് മാർഗ്ഗം കോഴിക്കോട്ടേക്ക് കൊണ്ടുപോകാനുള്ള സൗകര്യങ്ങളും മുൻകൂട്ടി സജ്ജമാക്കിയിട്ടുണ്ട്.
ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച ബഹ്റൈൻ ഇന്ത്യൻ എംബസി, സൽമാനിയ മെഡിക്കൽ കോംപ്ലക്സ് അധികൃതർ, ഇൻഡിഗോ എയർലൈൻസ്, ബഹ്റൈൻ എയർപോർട്ട് ജീവനക്കാർ, റിയാസ് എന്നിവർക്കും ചാപ്റ്റർ ഭാരവാഹികൾ നന്ദി അറിയിച്ചു. ലോകത്തിന്റെ ഏത് കോണിലായാലും പ്രവാസികൾ അനുഭവിക്കുന്ന സങ്കടങ്ങളിലും പ്രതിസന്ധികളിലും താങ്ങായി ഒപ്പമുണ്ടാകുമെന്ന വാഗ്ദാനം പ്രവാസി ലീഗൽ സെൽ വീണ്ടും പൂർത്തീകരിച്ചിരിക്കുകയാണ്. പ്രിയ സഹോദരിക്ക് വേഗത്തിലുള്ള രോഗമുക്തിയും പൂർണ്ണ ആരോഗ്യവും നേരുകയാണ് പ്രവാസി സമൂഹം.
Content Highlights: Zeenath is set to return home with the support of the expatriate community. The Indian Embassy in Bahrain has also extended assistance, highlighting the collective support provided to Indians in the Gulf.