റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതികവിദ്യകളും അടിസ്ഥാന സൗകര്യ വികസനവും സമഗ്രമായി സംയോജിപ്പിച്ച് ബഹ്റൈൻ. റോഡ് ശൃംഖലകളുടെ വിപുലീകരണത്തോടൊപ്പം സ്മാർട്ട് ട്രാഫിക് സംവിധാനങ്ങളും അത്യാധുനിക എഐ ക്യാമറകളും സ്ഥാപിക്കുന്നത് ഗതാഗത മേഖലയിൽ വലിയ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയതായി അധികൃതർ അറിയിച്ചു.
ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികളുടെ ആദ്യഘട്ടമായി സ്മാർട്ട് ക്യാമറകൾ സ്ഥാപിക്കുന്ന നടപടികൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പൂർത്തിയാക്കി. പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കിയതോടെ റോഡപകടങ്ങളിലും ഗതാഗത നിയമലംഘനങ്ങളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ ജനറൽ മേജർ ജനറൽ ഷെയ്ഖ് അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽവഹാബ് അൽ ഖലീഫ വ്യക്തമാക്കി.
റോഡുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ വാഹനം ഓടിക്കുന്നവരുടെ പങ്കും നിർണായകമാണ്. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിലും സുരക്ഷിതമായ ഡ്രൈവിങ് രീതികൾ പിന്തുടരുന്നതിലും ജനങ്ങൾ കാണിക്കുന്ന വർദ്ധിച്ചുവരുന്ന അവബോധത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. സുരക്ഷിതമായ ഒരു ഡ്രൈവിങ് സംസ്കാരം വളർന്നുവരുന്നത് റോഡിലെ യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഏറെ സഹായകരമാണ്.
വരും ദിവസങ്ങളിലും ഗതാഗത സംവിധാനങ്ങൾ കൂടുതൽ ആധുനികവത്കരിക്കാനും പുതിയ സാങ്കേതികവിദ്യകൾ വിന്യസിക്കാനുമുള്ള പദ്ധതികൾ ട്രാഫിക് ഡയറക്ടറേറ്റ് തുടരുമെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ ഓരോ പൗരന്റെയും പ്രവാസിയുടെയും ജീവനും സ്വത്തിനും പരമാവധി സംരക്ഷണം ഉറപ്പാക്കുക എന്നതിനാണ് ഭരണകൂടം മുൻഗണന നൽകുന്നത്.
Content Highlights: Bahrain has reported a decline in traffic violations and road accidents following the implementation of smart traffic systems. The technology has contributed to improved road safety and more effective traffic management.