രാജ്യങ്ങളുടെ സൈനികശേഷിയും സുരക്ഷയും വർധിപ്പിക്കും; സംയുക്ത പ്രതിരോധ കരാറിനെ സ്വാ​ഗതം ചെയ്ത് ബഹ്റൈൻ

മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കരാർ വലിയ കരുത്ത് പകരുമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം

സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ 'മക്ക സംയുക്ത പ്രതിരോധ കരാറിനെ' സ്വാഗതം ചെയ്ത് ബഹ്‌റൈൻ. സൗദി അറേബ്യയുടെ ആതിഥേയത്വത്തിൽ നടന്ന ഉച്ചകോടിയിൽ വെച്ചാണ് മൂന്ന് രാജ്യങ്ങളും പ്രതിരോധ മേഖലയിൽ കൈകോർക്കുന്ന നിർണായക ധാരണയിലെത്തിയത്. മൂന്ന് രാജ്യങ്ങളുടെയും സൈനികശേഷിയും അനുഭവസമ്പത്തും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കരാർ വലിയ കരുത്ത് പകരുമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

മധ്യപൂർവേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി മൂന്ന് രാജ്യങ്ങളും സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. പാകിസ്താൻ വിദേശകാര്യ മന്ത്രാലയമാണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെ സായുധ ആക്രമണം ഉണ്ടായാൽ അത് മൂന്ന് രാജ്യങ്ങൾക്കും നേരെയുണ്ടായ ആക്രമണമായി കണക്കാക്കും എന്നാണ് കരാർ പറയുന്നത്. അതനുസരിച്ച് പരസ്പര പ്രതിരോധ സഹകരണം ഉറപ്പാക്കുന്നതാണ് കരാറിന്റെ പ്രധാന വ്യവസ്ഥ.

ആക്രമണങ്ങളെ ചെറുക്കാനുള്ള സംയുക്ത പ്രതിരോധ സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കരാറിൽ ഓരോ രാജ്യത്തിന്റെയും കൃത്യമായ ഉത്തരവാദിത്വങ്ങളോ സൈനിക പ്രതിബദ്ധതകളോ വിശദീകരിച്ചിട്ടില്ല. എന്നാൽ, പ്രാദേശികവും ആഗോളതലത്തിലുമുള്ള സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്നാണ് സംയുക്ത പ്രസ്താവനയിൽ പറയുന്നത്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗാൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരാണ് സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്.

Content Highlights: Bahrain has welcomed a joint defence agreement aimed at enhancing the military capabilities and security of the participating countries. The pact is expected to strengthen defence cooperation and regional security.

To advertise here,contact us