കരാർ ലംഘനം: ബഹ്‌റൈനിൽ ടൂറിസം ഓഫീസ് അധികൃതർ അടപ്പിച്ചു

വരും ദിവസങ്ങളിലും ടൂറിസം സ്ഥാപനങ്ങളിൽ കർശനമായ പരിശോധനകൾ തുടരുമെന്നും നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഉപഭോക്താക്കളോടുള്ള കരാർ ബാധ്യതകൾ പാലിക്കാത്തതിനെ തുടർന്ന് ബഹ്‌റൈനിലെ ഒരു പ്രമുഖ ടൂറിസം ഓഫീസ് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അടച്ചുപൂട്ടി. ടൂറിസം മേഖലയിലെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് അതോറിറ്റിയുടെ ഈ അടിയന്തര നടപടി. രാജ്യത്തെ ടൂറിസം മേഖലയെ കൃത്യമായി നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമാണ് ഇത്തരമൊരു കർശന നിലപാട് സ്വീകരിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി.

ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങളും അംഗീകൃത നിയമങ്ങളും ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അതോറിറ്റി നിരന്തരമായി നിരീക്ഷണം നടത്തിവരുന്നുണ്ട്. ടൂറിസം സ്ഥാപനങ്ങൾ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും ബുക്കിങ് സമയത്ത് നൽകുന്ന കരാർ വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.

രാജ്യത്തെ സേവനങ്ങളുടെ വിശ്വാസ്യതയും നിലവാരവും ഉയർത്തിപ്പിടിച്ച്, ബഹ്‌റൈന്റെ ടൂറിസം മേഖലയിൽ സുസ്ഥിരമായ വളർച്ച ഉറപ്പാക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് അതോറിറ്റി അറിയിച്ചു. വരും ദിവസങ്ങളിലും ടൂറിസം സ്ഥാപനങ്ങളിൽ കർശനമായ പരിശോധനകൾ തുടരുമെന്നും നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Content Highlights: Bahrain authorities closed a tourism office after identifying alleged violations of contractual terms. The move highlights ongoing efforts to ensure compliance with business and tourism regulations in the country.

To advertise here,contact us