ബഹ്റൈന്റെ തലസ്ഥാന ഗവര്‍ണറേറ്റിലെ ഒരു വാണിജ്യ സ്ഥാപനം ഉപഭോക്ത്യ സംരക്ഷണ നിയമങ്ങളും, വിലനിയന്ത്രണങ്ങളും ലംഘിച്ചതിനെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ വ്യവസായ-വാണിജ്യ മന്ത്രാലയം ഉത്തരവിട്ടു. മന്ത്രാലയം നടത്തിയ തുടര്‍ച്ചയായ വിപണി പരിശോധനകളിലാണ് ഭക്ഷ്യവസ്തുക്കളുടെ വില നിയമവിരുദ്ധമായി വര്‍ധിപ്പിച്ചതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
പരിശോധയില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കല്‍, വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കല്‍, ഷെല്‍ഫില്‍ രേഖപ്പെടുത്തിയ വിലയേക്കാള്‍ കൂടുതല്‍ തുക ബില്ലില്‍ ഈടാക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇവ ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും നിലവിലെ വാണിജ്യ മാനദണ്ഡങ്ങളും ലംഘിക്കുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിപണികളില്‍ നിയമനിര്‍വഹണം ഉറപ്പാക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും വിപണിയുടെ സ്ഥിരത നിലനിര്‍ത്താനും പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ തുടര്‍ന്നും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
വിലക്കയറ്റം, നിയമപരമല്ലാത്ത വ്യാപാരരീതികള് തുടങ്ങിയ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപഭോക്താക്കള്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക പരാതിച്ചാനലുകളായ 17112225 എന്ന വാട്ട്സ്ആപ്പ് നമ്പര്‍, അല്ലെങ്കില്‍ ബഹ്റൈന്റെ നാഷണല്‍ സജഷന്‍ ആന്‍ഡ് കംബ്ലയിന്റ് സിസ്റ്റം ആയ തവസ്സുല്‍ വഴി വിവരം അറിയിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു.
Content Highlight: Bahrain's Ministry of Industry and Commerce closed a shop for violating price regulations during an inspection