ഭരണനിർവ്വഹണം കൂടുതൽ ജനസൗഹൃദവും കാര്യക്ഷമവുമാക്കാനുള്ള ബഹ്റൈൻ സർക്കാരിന്റെ വിപ്ലവകരമായ ഡിജിറ്റൽ പരിവർത്തന പദ്ധതികൾക്ക് വൻ മുന്നേറ്റം. ഇതിന്റെ ഭാഗമായി ഈ വർഷം ജനുവരി 15 മുതൽ ജൂലൈ രണ്ട് വരെയുള്ള ചുരുങ്ങിയ കാലയളവിനുള്ളിൽ 18 പ്രധാന സർക്കാർ സ്ഥാപനങ്ങളിലായി 93 സുപ്രധാന സേവനങ്ങൾ പൂർണ്ണമായും നവീകരിച്ചു. പൊതുസേവനങ്ങൾ ലളിതമാക്കാനും പൗരന്മാർക്കും താമസക്കാർക്കും സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്.
നവീകരണത്തിന്റെ ഭാഗമായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്, വിരമിച്ചവർക്കും അർഹരായ ഗുണഭോക്താക്കൾക്കും പെൻഷൻ തുടർച്ചാ സർട്ടിഫിക്കറ്റ് നൽകുന്ന നടപടിക്രമങ്ങൾ കുറ്റമറ്റ രീതിയിൽ മെച്ചപ്പെടുത്തി. ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി പുതിയ ജല കണക്ഷൻ അപേക്ഷകളുടെ നടപടിക്രമങ്ങൾ ലളിതമാക്കിയപ്പോൾ, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി റിക്രൂട്ട്മെന്റ് ഏജൻസികൾക്കുള്ള ലൈസൻസ് അനുവദിക്കുന്ന പ്രക്രിയ കൂടുതൽ വേഗത്തിലാക്കി. ഭവന-നഗരാസൂത്രണ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ 'ഇലക്ട്രോണിക് കീ 2.0' സംവിധാനം അവതരിപ്പിച്ചതാണ് മറ്റൊരു പ്രധാന നേട്ടം. ഇതിലൂടെ പുതിയ ഭവന യൂണിറ്റുകൾക്ക് വൈദ്യുതി, ജല കണക്ഷൻ ലഭ്യമാക്കാൻ ആവശ്യമായ രേഖകൾ ഇനി മുതൽ ഓൺലൈനായി തന്നെ സമർപ്പിക്കാം.
വലിയ മാറ്റങ്ങളാണ് ഈ നവീകരണത്തിലൂടെ ഉപഭോക്താക്കൾക്ക് അനുഭവപ്പെടുക. നവീകരിച്ച എല്ലാ സേവനങ്ങളും പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റിയതോടെ 100 ശതമാനം ഇലക്ട്രോണിക് സേവനമെന്ന നാഴികക്കല്ല് രാജ്യം കൈവരിച്ചു. അപേക്ഷാ നടപടികൾ പരമാവധി നാല് ഘട്ടങ്ങളായി ചുരുക്കിയതിലൂടെ സേവനങ്ങൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയം കുറഞ്ഞത് 25 ശതമാനമായി കുറയ്ക്കാൻ സാധിച്ചു.
കൂടാതെ, അപേക്ഷകൾക്കൊപ്പം സമർപ്പിക്കേണ്ട അനുബന്ധ രേഖകളുടെ എണ്ണത്തിലും വെബ് പേജുകളുടെ എണ്ണത്തിലും 50 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. പരമ്പരാഗത പേപ്പർ അപേക്ഷകൾക്ക് പകരം പൂർണ്ണമായും ഇലക്ട്രോണിക് ഫോമുകൾ ഏർപ്പെടുത്തുകയും എല്ലാ സർക്കാർ ചാനലുകളിലെയും വിവരങ്ങൾ ഏകീകരിക്കുകയും ചെയ്തു. ഡിജിറ്റൽ ഇന്റർഫേസുകൾ നവീകരിച്ചത് ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ വെബ്സൈറ്റുകൾ കൈകാര്യം ചെയ്യാൻ സഹായിക്കും. സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യവും വേഗമേറിയതുമാക്കാനുള്ള ബഹ്റൈന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ പരിഷ്കാരങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.
Content Highlights: Bahrain has streamlined government processes by cutting the number of procedures and required documents as part of its digital transformation strategy. The initiative is designed to make public services faster, simpler, and more efficient.