ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും വീഴ്ചകളിലും പ്രതിഷേധിച്ച് പ്രതിപക്ഷ പാനലുകളായ ഐഎസ്പിഎഫും ഇൻഡക്സും മാതൃസംഘടനയായ യുണൈറ്റഡ് പേരന്റ്സ് പാനലിൽ (യുപിപി) ലയിച്ചു. സ്കൂളിന്റെ തകർച്ച ഒഴിവാക്കാൻ 'യുപിപി' എന്ന ഒറ്റ ശക്തിയായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ സംയുക്ത പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
കഴിഞ്ഞ ശനിയാഴ്ച സ്കൂളിൽ വിളിച്ചുചേർത്ത പ്രത്യേക ജനറൽ ബോഡി യോഗം വലിയ രീതിയിൽ വിവേചനപരമായിരുന്നു എന്ന് നേതാക്കൾ ആരോപിച്ചു. ഫീസ് കുടിശ്ശികയുള്ള രക്ഷിതാക്കളുടെ വിഷയം ചർച്ച ചെയ്യാനാണ് യോഗം വിളിച്ചതെങ്കിലും ഈ പ്രശ്നം നേരിടുന്ന രക്ഷിതാക്കളെ യോഗത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുകയാണ് ഭരണസമിതി ചെയ്തത്. വലിയ തുക കുടിശ്ശികയുള്ളവരെ തിരഞ്ഞെടുപ്പിൽ വോട്ട് ബാങ്കായി ഉപയോഗിക്കാനുള്ള ഭരണസമിതിയുടെ ഗൂഢപദ്ധതിയാണിത്. രാഷ്ട്രീയ സ്വാധീനമുള്ളവരുടെ ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശികകൾ കണ്ണടയ്ക്കുമ്പോൾ, സാധാരണക്കാരുടെ ചെറിയ കുടിശ്ശികകളുടെ പേരിൽ കുട്ടികളുടെ മാർക്ക് ലിസ്റ്റ് തടഞ്ഞുവെക്കുകയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുവെന്ന് നേതാക്കൾ ആരോപിച്ചു.
അധ്യാപകരുടെ ശമ്പളവും വേനലവധിക്കാലത്തെ ലീവ് സാലറിയും കൃത്യമായി നൽകാതെ ഗഡുക്കളായാണ് വിതരണം ചെയ്യുന്നത്. മധ്യവേനൽ അവധിയായിട്ടും പ്രൈമറി ക്ലാസുകളിൽ പോലും പാഠപുസ്തകങ്ങൾ പൂർണ്ണമായി എത്തിക്കാൻ സാധിച്ചിട്ടില്ല. ബാഹ്യശക്തികളുടെ ഇടപെടലുകളാണ് ഈ പ്രതിസന്ധികൾക്ക് കാരണം.
കൂടാതെ, ട്രാൻസ്പോർട്ട് ഫീസ് വർദ്ധിപ്പിച്ചിട്ടും റിഫ കാമ്പസിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവം കുട്ടികളുടെ സുരക്ഷയിലെ വൻ വീഴ്ചയാണ് വ്യക്തമാക്കുന്നത്. അധ്യാപികയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് ദുരന്തം ഒഴിവായത്. രക്ഷിതാക്കളെ പങ്കാളികളായി കണ്ട് പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സ്കൂളിന്റെ തകർച്ചയ്ക്ക് ഇത് കാരണമാകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. പത്രസമ്മേളനത്തിൽ ഡോ. സുരേഷ് സുബ്രമണ്യം, എഫ്.എം. ഫൈസൽ, അനീഷ് വർഗീസ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തു.
Content Highlights: Opposition groups have united against the Indian school management committee, with multiple panels merging into UPIP, signaling a major shift in internal leadership dynamics.