പ്രവാസികളോട് കാട്ടിയ കടുത്ത അനീതി; പാസ്‌പോർട്ട് ഫീസ് വർധന പുനപരിശോധിക്കണമെന്ന് ബഹ്‌റൈൻ പ്രതിഭ

പ്രവാസികളുടെ ആശങ്കകളെയും എതിർപ്പുകളെയും പൂർണ്ണമായും അവഗണിച്ചുകൊണ്ട് നടപ്പിലാക്കിയ ഈ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

പാസ്‌പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ അമിതമായ ഫീസ് വർധന അടിയന്തരമായി പുനപരിശോധിക്കണമെന്ന് പ്രവാസി സംഘടനയായ ബഹ്‌റൈൻ പ്രതിഭ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ സമീപകാല സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധികളും കാരണം ജോലി സംബന്ധമായി പ്രവാസികൾ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് ഈ ഫീസ് വർധന. ഇത് സാധാരണക്കാരായ പ്രവാസികളോട് കാട്ടിയ കടുത്ത അനീതിയാണെന്ന് സംഘടന കുറ്റപ്പെടുത്തി.

നാട്ടിൽ ഫീസ് വർധന നടപ്പിലാക്കാറുണ്ടെങ്കിലും അതിനോട് യാതൊരു ആനുപാതികതയുമില്ലാത്ത രീതിയിലാണ് വിദേശ രാജ്യങ്ങളിൽ ഇപ്പോൾ നിരക്കുകൾ കൂട്ടിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങൾക്കും സാധാരണക്കാരായ തൊഴിലാളികൾക്കും താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ ഭാരം. പ്രവാസികളുടെ ആശങ്കകളെയും എതിർപ്പുകളെയും പൂർണ്ണമായും അവഗണിച്ചുകൊണ്ട് നടപ്പിലാക്കിയ ഈ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

ഈ അന്യായമായ ഫീസ് വർധന അടിയന്തരമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ഈ വിഷയത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വഴി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാനും സമ്മർദ്ദം ചെലുത്താനും സംഘടന മുന്നിട്ടിറങ്ങും. പ്രവാസികളുടെ അവകാശങ്ങൾക്കായി ശക്തമായ ഇടപെടലുകൾ നടത്തുമെന്നും ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി വി. കെ. സുലേഷും പ്രസിഡന്റ് കെ. വി. മഹേഷും സംയുക്ത പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Content Highlights: Bahrain Prathibha has appealed for a review of the revised Indian passport service charges, stating that the fee hike places an additional financial burden on expatriates. The organization has called on the concerned authorities to reconsider the decision.

To advertise here,contact us