മാതൃ-ശിശു സംരക്ഷണ മേഖലയിലും ആരോഗ്യ രംഗത്തും ഇന്ത്യ മികച്ച പുരോഗതി കൈവരിച്ചതായി ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ എച്ച്ഇ വിനോദ് കെ ജേക്കബ്. ആറാമത് ദേശീയ കുടുംബാരോഗ്യ സർവേ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്ത്യൻ അംബാസഡർ ഇക്കാര്യം വ്യക്തമാക്കിയത്.
2023-24 കാലയളവിൽ നടത്തിയ സർവേ പ്രകാരം, രോഗപ്രതിരോധ കുത്തിവെയ്പ്പ്, പോഷകാഹാരം, സാമ്പത്തിക സുരക്ഷിതത്വം തുടങ്ങിയ മേഖലകളിൽ ഇന്ത്യ മികച്ച നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. സാർവത്രിക ആരോഗ്യ പരിരക്ഷയും സുസ്ഥിര വികസന ലക്ഷ്യങ്ങളും കൈവരിക്കുന്നതിൽ എല്ലാവരെയും ഉൾപ്പെടുത്തിയുള്ള സ്ഥിരതയാർന്ന പുരോഗതിയാണ് രാജ്യം കൈവരിക്കുന്നതെന്ന് സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടി അംബാസഡർ പറഞ്ഞു. ഇന്ത്യയിലെ 715 ജില്ലകളിലായി ഏകദേശം 6.79 ലക്ഷം കുടുംബങ്ങളെയും ഏഴ് ലക്ഷത്തിലധികം സ്ത്രീകളെയും ഉൾപ്പെടുത്തിയാണ് ഈ വൻകിട സർവേ നടത്തിയത്. ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങളും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ധനസഹായത്തോടെയുള്ള ആരോഗ്യ പദ്ധതിയായ 'ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന'യുടെ നേട്ടങ്ങളും സർവേ വിശദമായി വിലയിരുത്തിയിട്ടുണ്ട്.
സർവേയിലെ പ്രധാന കണ്ടെത്തലുകൾ പ്രകാരം, രാജ്യം സമ്പൂർണ വൈദ്യുതീകരണത്തിലേക്ക് കൂടുതൽ അടുക്കുകയും അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം വനിതാ ശാക്തീകരണം ഗണ്യമായി ശക്തിപ്പെട്ടതായും ഇന്ത്യയുടെ ജനസംഖ്യാപരമായ മാറ്റം കൂടുതൽ സുസ്ഥിരമായതായും സർവേ വ്യക്തമാക്കുന്നു. മാതൃ-ശിശു ആരോഗ്യ സംരക്ഷണ സൂചകങ്ങൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയതായും ഡിജിറ്റൽ വിഭജനം ഗണ്യമായി കുറഞ്ഞതായും ലിംഗാധിഷ്ഠിത അതിക്രമങ്ങളുടെ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.
സർവേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ പ്രമേഹം, രക്തസമ്മർദ്ദം, കാൻസർ, ഹൃദ്രോഗങ്ങൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യം മുൻകൂട്ടി കണ്ട് ഇന്ത്യാ ഗവൺമെന്റ് ശക്തമായ നടപടികൾ ആരംഭിച്ചതായും അംബാസഡർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി വലിയ തോതിലുള്ള സ്ക്രീനിംഗും നേരത്തെയുള്ള രോഗനിർണയ സേവനങ്ങളും നിലവിൽ ലഭ്യമാക്കിവരികയാണ്. വരുംഘട്ടത്തിൽ ആരോഗ്യ പരിരക്ഷയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പോഷകാഹാരം ഉറപ്പാക്കുന്നതിനും ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: India has made notable advancements in the healthcare sector, particularly in maternal and child healthcare, according to the Bahrain Ambassador. The ambassador highlighted the country's achievements in expanding healthcare access, improving medical outcomes, and strengthening public health initiatives.