കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്കായി പുതിയ അന്വേഷണ സംവിധാനം; പദ്ധതിയുമായി ബഹ്റൈൻ

പബ്ലിക് പ്രോസിക്യൂഷന്റെ സോഷ്യൽ റിസർച്ച് വിഭാഗമാണ് ഈ നൂതന പദ്ധതി വികസിപ്പിച്ചെടുത്തത്

ബഹ്റൈനിൽ വിവിധ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്ക് സുരക്ഷിതവും കുട്ടിസൗഹൃദവുമായ അന്വേഷണ അന്തരീക്ഷം ഒരുക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷൻ പുതിയ സംവിധാനം ആവിഷ്കരിച്ചു. കുട്ടികൾക്ക് ആവശ്യമായ മാനസികവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 'സേഫ് എക്സ്പ്രഷൻ ബോക്സ്' എന്ന പദ്ധതിയാണ് ബഹ്റൈൻ ആരംഭിച്ചിരിക്കുന്നത്. കുട്ടികളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമനടപടികൾ രാജ്യത്ത് നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ സംരംഭം.

പബ്ലിക് പ്രോസിക്യൂഷന്റെ സോഷ്യൽ റിസർച്ച് വിഭാഗമാണ് ഈ നൂതന പദ്ധതി വികസിപ്പിച്ചെടുത്തത്. അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ചിട്ടുള്ള മനശാസ്ത്ര രീതികളും ആധുനിക ഉപകരണങ്ങളും ബഹ്റൈന്റെ നിയമ-സാമൂഹിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള കഠിനമായ കേസുകളിൽ ഇരയാക്കപ്പെടുന്ന കുട്ടികൾക്ക്, ഭയമില്ലാതെ തങ്ങളുടെ പ്രായത്തിന് അനുയോജ്യമായ രീതിയിൽ അനുഭവങ്ങൾ തുറന്നുപറയാൻ ഈ സംവിധാനം സഹായിക്കുമെന്ന് സോഷ്യൽ റിസർച്ച് ഗ്രൂപ്പ് മേധാവി ദലാല അൽ അത്താവി അറിയിച്ചു.

പത്ത് പെൺകുട്ടികളിൽ വിജയകരമായി പരീക്ഷണം നടത്തിയ ശേഷമാണ് ഈ പദ്ധതി ഔദ്യോഗികമായി രാജ്യത്ത് നടപ്പാക്കിയത്. പരമ്പരാഗത ചോദ്യം ചെയ്യൽ രീതികളിൽ നിന്ന് മാറി, പ്രത്യേക പാവകളും ഇന്ററാക്ടീവ് മെറ്റീരിയലുകളും ഉപയോഗിക്കുന്നതിലൂടെ കുട്ടികൾക്ക് തങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും കാര്യങ്ങൾ കൂടുതൽ കൃത്യതയോടെ വിവരിക്കാനും സാധിച്ചതായി പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികളിലെ ഉത്കണ്ഠ കുറയ്ക്കാനും സാമൂഹിക പ്രവർത്തകർക്കും മനഃശാസ്ത്രജ്ഞർക്കും കുട്ടികളുമായി വേഗത്തിൽ ഒരു വിശ്വാസബന്ധം സ്ഥാപിക്കാനും ഈ സംവിധാനം ഏറെ സഹായകരമാണ്.

Content Highlights: Bahrain has launched a specialized investigation system for children affected by crimes. The initiative is designed to provide a child-friendly investigative process, protect victims' rights, and enhance coordination between law enforcement and child protection authorities.

To advertise here,contact us