ബഹ്റൈൻ പ്രതിഭ വനിതാ വേദിയുടെ നേതൃത്വത്തിൽ 'വിങ്സ് ഓഫ് വുമൺ' എന്ന പേരിൽ വിപുലമായ വനിതാ സംഗമം സംഘടിപ്പിച്ചു. സൽമാനിയയിലെ പ്രതിഭ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 150-ലധികം വനിതകൾ പങ്കെടുത്തു. എഴുത്തുകാരി സ്വപ്ന വിനോദ് സംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഉദ്ഘാടന ചടങ്ങിന് ശേഷം പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദീപ്തി ഗോപിനാഥ് പ്രസാദ് 'സ്ത്രീകളിൽ മാനസികാരോഗ്യവും സ്വയം പരിചരണത്തിന്റെ പ്രാധാന്യവും' എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. സ്ത്രീകൾ ഇന്ന് നേരിടുന്ന ശാരീരിക-മാനസിക വെല്ലുവിളികൾ, അവയ്ക്കുള്ള പരിഹാരങ്ങൾ, ദൈനംദിന ജീവിതത്തിൽ സ്വയം പരിചരണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് അവർ വിശദമായി സംസാരിച്ചു. പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ദീപ്തി ഗോപിനാഥ് മറുപടിയും നൽകി. പ്രതിഭ വനിതാവേദി കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും പരിപാടിയുടെ കൺവീനറുമായ സജിത സതീഷായിരുന്നു സെമിനാറിന്റെ മോഡറേറ്റർ. തുടർന്ന് പ്രതിഭയിലെ നാല് മേഖലകളിൽ നിന്നുമുള്ള വനിതകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
പ്രതിഭ വനിതാവേദി പ്രസിഡന്റ് ദീപ്തി രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സരിത മേലത്ത് സ്വാഗതം ആശംസിച്ചു. ബഹ്റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, ജനറൽ സെക്രട്ടറി സുലേഷ് വി. കെ, രക്ഷാധികാരി സമിതി അംഗങ്ങളായ ഷീബ രാജീവൻ, ഷീജ വീരമണി, നൃത്താധ്യാപിക വിദ്യാശ്രീ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. വനിതാവേദി ട്രഷറർ ഹർഷ ബബീഷ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Content Highlights: The Bahrain Prathibha Women’s Meet titled ‘Wings of Women’ was held successfully, drawing attention for its focus on women empowerment and community participation.