പ്രതിരോധ സഹകരണവും നയതന്ത്ര ശ്രമങ്ങളും ശക്തമാക്കും; ബഹ്റൈൻ സന്ദർശിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി

ബഹ്‌റൈൻ സന്ദർശനത്തിൽ ഏറെ സന്തോഷമുണ്ടെന്നും ഹമദ് രാജാവുമായുള്ള കൂടിക്കാഴ്ച തികച്ചും ഫലപ്രദമായിരുന്നുവെന്നും മാർക്കോ റൂബിയോ അറിയിച്ചു

ഔദ്യോഗിക ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി മനാമയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുമുള്ള മാർഗങ്ങളാണ് പ്രധാനമായും യോഗത്തിൽ ചർച്ചയായത്.

ബഹ്‌റൈൻ സന്ദർശനത്തിൽ ഏറെ സന്തോഷമുണ്ടെന്നും ഹമദ് രാജാവുമായുള്ള കൂടിക്കാഴ്ച തികച്ചും ഫലപ്രദമായിരുന്നുവെന്നും മാർക്കോ റൂബിയോ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, പ്രതിരോധ മേഖലകളിലെ സഹകരണവും ഏകോപനവും കാലോചിതമായി കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും യോഗത്തിൽ എടുത്തുപറഞ്ഞു. നിലവിലെ മേഖലാപരവും അന്താരാഷ്ട്രപരവുമായ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും നേതാക്കൾ വിശദമായ ആശയവിനിമയം നടത്തി.

വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഹമദ് രാജാവും തമ്മിൽ നടന്ന ചർച്ചയിൽ മധ്യപൂർവേഷ്യയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ തുടരുന്ന നയതന്ത്ര ശ്രമങ്ങൾ വിലയിരുത്തി. അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ ഒപ്പുവെച്ചിട്ടുള്ള പുതിയ ധാരണാപത്രം മേഖലയിലെ സമാധാന അന്തരീക്ഷത്തിനും നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനും വലിയ രീതിയിൽ സഹായകമാകുമെന്ന പ്രതീക്ഷയും ഇരുനേതാക്കളും പങ്കുവെച്ചു. ഏതൊരു അന്താരാഷ്ട്ര പ്രശ്നത്തിലും സംഭാഷണങ്ങളിലൂടെയും ശക്തമായ നയതന്ത്ര ഇടപെടലുകളിലൂടെയും മാത്രമേ ശാശ്വത പരിഹാരം കണ്ടെത്താനാകുവെന്നും ഇത് ലോക സമാധാനവും സുരക്ഷയും ശക്തിപ്പെടുത്താൻ അനിവാര്യമാണെന്നും ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു.

Content Highlights: The US Secretary of State has visited Bahrain as part of efforts to bolster defense cooperation and deepen diplomatic ties. Discussions are expected to focus on regional security, strategic interests, and expanding collaboration between the two countries.

To advertise here,contact us