ബഹ്റൈനിലെ പ്രവാസി കൂട്ടായ്മ 'കുടുംബ സൗഹൃദ വേദി'യുടെ വാർഷിക പൊതുയോഗവും പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പ്രൗഢിയോടെ നടന്നു. ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ ചേർന്ന പൊതുയോഗത്തിൽ ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ യോഗത്തിന് സ്വാഗതം ആശംസിച്ചു. തുടർന്ന്, 2025 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിലെ സംഘടനയുടെ വിപുലമായ പ്രവർത്തന റിപ്പോർട്ട് അദ്ദേഹം അവതരിപ്പിച്ചു. സംഘടന പ്രവാസ ലോകത്ത് നടത്തിവരുന്ന ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും മുഖ്യ രക്ഷാധികാരി അജിത് കണ്ണൂർ, ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ എന്നിവർ യോഗത്തിൽ വിശദീകരിച്ചു.
തുടർന്ന് 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ കാട്ടുംതാഴെ മൊയ്ദീൻ വരണാധികാരിയായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കുടുംബ സൗഹൃദ വേദിയുടെ സജീവ അംഗങ്ങൾ പങ്കെടുത്ത പൊതുയോഗത്തിൽ 25 അംഗ പുതിയ ഭരണസമിതിയെ ഐകകണ്ഠ്യേനയാണ് തിരഞ്ഞെടുത്തത്. അജിത് കണ്ണൂർ (മുഖ്യ രക്ഷാധികാരി), ഡി. കൃഷ്ണകുമാർ (ചെയർമാൻ), നൗഷാദ് മഞ്ഞപ്പാറ (പ്രസിഡന്റ്), ബോബി പുളിമൂട്ടിൽ (ജനറൽ സെക്രട്ടറി), ജി. മണിക്കുട്ടൻ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. സുനിൽ ബാബുവിനെ വൈസ് പ്രസിഡന്റായും, സജിത്ത് വെള്ളികുളങ്ങരയെ ജോയിന്റ് സെക്രട്ടറിയായും റെനിഷ് റെജിയെ ജോയിന്റ് ട്രഷററായും തിരഞ്ഞെടുത്തു.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളെ വരണാധികാരി കാട്ടുംതാഴെ മൊയ്ദീൻ അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. സംഘടനയുടെ സുഗമമായ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നേതൃത്വത്തിന് യോഗം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത യോഗത്തിൽ ട്രഷറർ ജി. മണിക്കുട്ടൻ നന്ദി രേഖപ്പെടുത്തി.
Content Highlights: The Bahrain Family Friendly Forum has announced its new office-bearers and leadership team. The newly appointed members are expected to lead the organization's efforts in promoting family-oriented programs, community engagement, and social development initiatives.