മിഡിൽ ഈസ്റ്റിൽ തിളങ്ങി ബഹ്റൈൻ; മികച്ച അഞ്ച് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളിൽ മുൻനിരയിൽ

രാജ്യത്തിന്റെ സംരംഭക സൗഹൃദ നയങ്ങൾക്ക് ലഭിച്ച അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്

സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും മികച്ച ബിസിനസ് അന്തരീക്ഷം ഒരുക്കുന്ന രാജ്യങ്ങളിലൊന്നെന്ന നേട്ടം വീണ്ടും സ്വന്തമാക്കി ബഹ്റൈൻ. മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക മേഖലയിലെ മികച്ച അഞ്ച് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളിലൊന്നായാണ് ബഹ്റൈൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇത് രാജ്യത്തിന്റെ സംരംഭക സൗഹൃദ നയങ്ങൾക്ക് ലഭിച്ച അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

സ്റ്റാർട്ടപ്പുകളും അവയെ പിന്തുണയ്ക്കുന്ന സംവിധാനങ്ങളും വിലയിരുത്തി തയ്യാറാക്കിയ 'ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് 2026'-ലാണ് ബഹ്റൈൻ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സ്റ്റാർട്ടപ്പുകളുടെ വിപണി മൂല്യം, നിക്ഷേപ സമാഹരണം, ഫണ്ടിംഗ്, വിജയകരമായ എക്സിറ്റുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് തയ്യാറാക്കിയിട്ടുള്ളത്. റിപ്പോർട്ടിലെ വിവിധ വിഭാഗങ്ങളിൽ ബഹ്റൈൻ മികച്ച പ്രകടനം കാഴ്ചവെച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പുകളുടെ സാന്നിധ്യവും വളർച്ചയും വിലയിരുത്തുന്ന എഐ-നേറ്റീവ് ക്ലസ്റ്റർ വിഭാഗത്തിൽ മേഖലയിലെ മികച്ച 10 സ്ഥാനങ്ങളിലൊന്നും ഗവേഷണ-നവീകരണ രംഗത്തെ പുരോഗതി വിലയിരുത്തുന്ന ആർ ആൻഡ് ഡി എൻജിൻ വിഭാഗത്തിൽ മികച്ച 15 സ്ഥാനങ്ങളിലൊന്നും ബഹ്റൈൻ ഇടം നേടി. സംരംഭകർക്ക് പുതിയ ആശയങ്ങൾ രൂപപ്പെടുത്താനും പരീക്ഷിക്കാനും ആവശ്യമായ സൗകര്യങ്ങളും സർക്കാർ പിന്തുണയും ബഹ്റൈനിലുണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

തൊഴിൽ മേഖലയിലെ പരിഷ്കാരങ്ങൾ, കുറഞ്ഞ പ്രവർത്തനച്ചെലവ്, ബിസിനസ് സൗഹൃദ നിയമവ്യവസ്ഥ, ഫിൻടെക്, ഡിജിറ്റൽ ഇന്നൊവേഷൻ മേഖലകളിലുള്ള നിക്ഷേപം, സർക്കാർ-സ്വകാര്യ പങ്കാളിത്ത വികസന പദ്ധതികൾ എന്നിവ രാജ്യത്തിന്റെ സ്റ്റാർട്ടപ്പ് വളർച്ചയ്ക്ക് ശക്തിപകരുന്ന പ്രധാന ഘടകങ്ങളായി മാറിയിട്ടുണ്ട്. ബഹ്റൈനിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സംരംഭകർക്ക് ആശയങ്ങൾ സുരക്ഷിതമായി വികസിപ്പിക്കാനും പ്രാദേശിക വിപണികളിലേക്ക് വ്യാപിപ്പിക്കാനും മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ലേബർ ഫണ്ട് തംകീൻ സ്ട്രാറ്റജി ആൻഡ് ഇൻസൈറ്റ്സ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് അല അൽ അലി വ്യക്തമാക്കി.

Content Highlights: Bahrain has secured a place among the top startup ecosystems in the Middle East, reflecting the country's growing reputation as a hub for innovation, technology, and entrepreneurship.

To advertise here,contact us