ബഹ്റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെസിഇസി) 2026–2027 പ്രവർത്തന വർഷത്തെ ഉദ്ഘാടനം നടന്നു. ജൂൺ 16 ചൊവ്വാഴ്ച വൈകിട്ട് 7.30-ന് കേരള കാത്തലിക് അസോസിയേഷൻ (കെസിഎ) ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്.
കെസിഇസി പ്രസിഡന്റ് സ്ലീബാ പോൾ കോർ എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതവും അസിസ്റ്റന്റ് ട്രഷറർ ജോൺ ഏബനൈസർ നന്ദിയും പറഞ്ഞു.
വിവിധ സഭകളിലെ വൈസ് പ്രസിഡന്റുമാരായ വൈദികരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് സൺഡേസ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പുതിയ പ്രവർത്തന വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ ചടങ്ങിൽ പരിചയപ്പെടുത്തുകയും വാർഷിക പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.
കെസിഇസിയുടെ 2026–2027 വർഷത്തെ ഔദ്യോഗിക ലോഗോ പ്രകാശനം ചടങ്ങിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ ഫാദർ ജേക്കബ് ഫിലിപ്പ് നടയിൽ വിഷയാവതരണവും വൈസ് പ്രസിഡന്റ് ജെയിംസ് ജോൺ ആശംസാപ്രസംഗവും നടത്തി.
പ്രവർത്തന വർഷത്തെ ആപ്തവാക്യം സമർപ്പിച്ച ജെയിസ് ബേബിക്കും ലോഗോ രൂപകൽപ്പന ചെയ്ത എലൻ മേരി എൽദോയ്ക്കും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ലോഗോ ഡിസൈൻ മത്സരത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ഏതൽ അനീഷ് ജോസഫ്, ക്രിസ് ജോഷ്വ റിച്ചി എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ.
Content Highligths: KCEC Bahrain officially inaugurated its activities in Bahrain, marking the beginning of new community initiatives and programs for expatriates.