ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പരസ്യങ്ങൾ; നടപടി ശക്തമാക്കാൻ ബഹ്റൈൻ

നിയമലംഘനങ്ങള്‍ക്ക് പ്രതിദിനം 1,000 ദിനാര്‍ വരെയാണ് പിഴ

ബഹ്‌റൈനില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രൊമോഷനുകള്‍ക്കും വ്യാജ ഡിസ്‌കൗണ്ടുകള്‍ക്കും എതിരെ നടപടി ശക്തമാക്കുന്നു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ വാണിജ്യ മന്ത്രാലയത്തിന് അധികാരം നല്‍കുന്ന നിയമ ഭേദതഗതിക്ക് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. സോഷ്യല്‍ മീഡിയ പ്രൊമോഷനുകളും ഇനി മുതല്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കും.

ബഹ്റൈനില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയോ പ്രൊമോഷനുകളില്‍ കൃത്രിമം കാണിക്കുകയോ ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് വഴിയൊരുക്കുന്ന പുതിയ നിയമഭേദഗതിക്കാണ് ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വവും നിയന്ത്രണവും കൊണ്ടുവരുന്നതാണ് ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സുപ്രധാന ഭേദഗതി. ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് കൂടുതല്‍ വേഗതയേറിയതും വ്യക്തവുമായ നിയമനടപടികള്‍ അനിവാര്യമാണെന്ന് വ്യവസായ-വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫക്രു വ്യക്തമാക്കി.

കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ കാത്തുനില്‍ക്കാതെ തന്നെ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അഡ്മിനിസ്‌ട്രേറ്റീവ് നടപടി സ്വീകരിക്കാന്‍ മന്ത്രാലയത്തിന് പുതിയ നിയമം അധികാരം നല്‍കുന്നു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാന്‍ ഉത്തരവിടാനാകുമെന്നും ആവശ്യമെങ്കില്‍ ഇത് വീണ്ടും മൂന്ന് മാസത്തേക്ക് കൂടി നീട്ടാനാകുമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ കൊമേഴ്‌സ്യല്‍ രജിസ്‌ടോഷന്‍ റദ്ദാക്കാനും മന്ത്രാലയത്തിന് കഴിയും.

നിയമലംഘനങ്ങള്‍ക്ക് പ്രതിദിനം 1,000 ദിനാര്‍ വരെയാണ് പിഴ. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ ഇത് 2,000 ദിനാര്‍ വരെയായി ഉയരും. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രൊമോഷനുകളും ഡിസ്‌കൗണ്ടുകളും പുതിയ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ നടത്താന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുകയും വ്യാജ ഡിസ്‌കൗണ്ടുകള്‍ വഴി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ശൂറാ കൗണ്‍സിലിന്റെ അംഗീകരാത്തിന് പിന്നാലെ ഭേദഗതി നിര്‍ദ്ദേശം അന്തിമ അംഗീകാരത്തിനായി ഹമദ് ബിന്‍ ഇസ അല്‍ഖലീഫക്കു സമര്‍പ്പിച്ചു.

Content Highlights: Bahrain is set to strengthen actions against misleading and fake advertisements aimed at deceiving consumers, as part of enhanced consumer protection regulations and enforcement measures.

To advertise here,contact us