ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കർശന നിയന്ത്രണങ്ങൾ; പുതിയ നിയമവുമായി ബഹ്റൈൻ

കള്ളപ്പണം വെളുപ്പിക്കലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് തടയുകയുമാണ് പുതിയ നിയമഭേദഗതിയുടെ പ്രധാന ലക്ഷ്യം.

ബഹ്‌റൈനില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ധനസമാഹരണത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. നിയമലംഘകര്‍ക്ക് കനത്ത പിഴയും തടവുശിക്ഷയും ഉറപ്പാക്കുന്ന പുതിയ നിയമ ഭേദഗതി ഉടന്‍ നടപ്പിലാക്കാനാണ് തീരുമാനം. കള്ളപ്പണം വെളുപ്പിക്കലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് തടയുകയുമാണ് പുതിയ നിയമഭേദഗതിയുടെ പ്രധാന ലക്ഷ്യം.

നിയമലംഘനങ്ങള്‍ക്ക് 10,000 ദിനാര്‍ വരെ പിഴയും കഠിന തടവും പുതിയ നിയമം ഉറപ്പാക്കുന്നു.ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ശേഖരിച്ച പണം വിദേശത്തേക്ക് അയക്കുന്നതിനും നിരോധമുണ്ട്. ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും അപകടസാധ്യതകള്‍ വിലയിരുത്താനും പുതിയ നിയമ ഭേദഗതിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. ദേശീയ സുരക്ഷയും അന്താരാഷ്ട്ര സാമ്പത്തിക മാനദണ്ഡങ്ങളും പാലിക്കുന്നതിനൊപ്പം ദാതാക്കളുടെയും ചാരിറ്റി സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

നിയമവിരുദ്ധ ഫണ്ട് ശേഖരണത്തിനും ഭീകരവാദ ബന്ധമുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും കടുത്ത ശിക്ഷയാണ് നിയമം മുന്നോട്ട് വെക്കുന്നത്. ഇത്തരം കേസുകളില്‍ ദീര്‍ഘകാല തടവോ ജീവപര്യന്തം തടവോ ലഭിക്കാം. കൂടാതെ ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിനാര്‍ വരെ പിഴയും ചുമത്തും. ലൈസന്‍സില്ലാതെ പൊതുജനങ്ങളില്‍ നിന്ന് സംഭാവന ശേഖരിച്ചാല്‍ 1,000 ദിനാര്‍ വരെ പിഴക്ക് പുറമെ തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും.

അനുമതിയില്ലാത്ത സംഭാവനകള്‍ ലഭിച്ചാല്‍ ഏഴ് ദിവസത്തിനകം ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിക്കണമെന്നും നിയമം നിര്‍ദ്ദേശിക്കുന്നു. അപേക്ഷകളില്‍ 30 ദിവസത്തിനകം തീരുമാനമെടുക്കും. കഴിഞ്ഞ കാലങ്ങളില്‍ ഫണ്ട് ശേഖരണ ലൈസന്‍സുകള്‍ കുറയുകയും നിയമലംഘനങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് സാമൂഹിക വികസന മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

Content Highlights: Bahrain authorities have announced a new law introducing strict controls on charity activities and fundraising campaigns. The move is aimed at improving transparency, preventing misuse of funds, and ensuring charitable operations comply with official regulations.

To advertise here,contact us