ബഹ്റൈനിൽ സേവന ഗുണനിലവാരം ഉയർത്തുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) രജിസ്റ്റർ ചെയ്ത മരുന്നുകളിൽ മാറ്റങ്ങൾ വരുത്തുന്നതിനുള്ള സേവനം പുതുക്കി. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും നിയമാനുസൃത മാനദണ്ഡങ്ങൾ പാലിച്ച് മരുന്നുകളുടെ ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതും ലക്ഷ്യമിടുന്നതാണ് നടപടി.
പുതുക്കിയ സംവിധാനത്തിൽ പ്രധാന മാറ്റങ്ങൾക്ക് വേണ്ട സമയം 45 ദിവസത്തിൽ നിന്ന് 40 പ്രവൃത്തി ദിവസമായി കുറച്ചതും ചെറിയ മാറ്റങ്ങൾക്ക് ഏഴ് പ്രവൃത്തി ദിവസമാക്കി ചുരുക്കിയതുമാണ്. ‘അഡ്വേയ’ സിസ്റ്റം വഴി ഓൺലൈൻ അപേക്ഷ, രേഖ സമർപ്പണം, ഫീസ് അടയ്ക്കൽ എന്നിവയും ലളിതമാക്കി. പരിശോധനാ നടപടികൾ ശക്തിപ്പെടുത്തി മരുന്നുകളുടെ ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കുന്നതായും അധികൃതർ അറിയിച്ചു.
സേവനങ്ങൾ ഏകീകരിക്കുകയും അനുമതി നടപടികൾ കുറയ്ക്കുകയും ചെയ്തതിലൂടെ കാര്യക്ഷമതയും പരസ്യതയും വർധിച്ചതായി എൻഎച്ച്ആർഎ സിഇഒ ഡോ. അഹമ്മദ് മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി. സർക്കാർ സേവനങ്ങളുടെ നവീകരണത്തിന്റെ ഭാഗമായി രാജ്യത്ത് 1300-ലധികം സേവനങ്ങൾ ഇതിനകം പുതുക്കിയതായും 800ഓളം സേവനങ്ങൾ വികസനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Bahrain accelerates updates to drug registration processes, aiming to enhance service quality and efficiency in the healthcare sector.