ബഹ്റൈനിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വ്യോമപരിധിയിലോ പ്രാദേശിക സമുദ്രപരിധിയിലോ അസാധാരണമായ തോതിൽ റേഡിയേഷന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് വ്യക്തമാക്കി. നിലവിൽ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് കൗൺസിൽ ഇക്കാര്യം വ്യക്തമാക്കിയത്.
അത്യാധുനിക റേഡിയേഷൻ, എൻവയോൺമെന്റൽ സെൻസറുകൾ വഴി 24 മണിക്കൂറും നിരീക്ഷണം തുടരുകയാണെന്നും വിവിധ ദേശീയ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും കൂടാതെ, ജിസിസി എമർജൻസി മാനേജ്മെന്റ് സെന്റർ, ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി തുടങ്ങിയ പ്രാദേശിക, അന്തർദ്ദേശീയ സംഘടനകളുമായി ചേർന്ന് സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും കൗൺസിൽ വ്യക്തമാക്കി.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കൗൺസിൽ നിർദ്ദേശിച്ചു. എന്തെങ്കിലും പുതിയ മാറ്റങ്ങളുണ്ടായാൽ ഉടൻ തന്നെ പൊതുജനങ്ങളെ അറിയിക്കുമെന്നും അധികൃതർ ഉറപ്പുനൽകി. നിലവിൽ എല്ലാ പാരിസ്ഥിതിക സൂചകങ്ങളും സുരക്ഷിതമായ അളവിലാണെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Bahrain’s Supreme Council for Environment confirmed that no radiation has been detected, assuring public safety amid regional concerns.