മടങ്ങുന്ന ചെക്കുകൾക്ക് തുക ഈടാക്കും; നടപടിയുമായി ബഹ്റൈൻ നീതിന്യായ മന്ത്രാലയം

വാണിജ്യ നിയമത്തിലെ ഭേദഗതി അനുസരിച്ച്, മടങ്ങിയ ചെക്കുകൾ ഇനി നേരിട്ട് നടപ്പാക്കാവുന്ന ഔദ്യോഗിക രേഖയായി പരിഗണിക്കും

ബഹ്‌റൈനിൽ മടങ്ങുന്ന ചെക്കുകൾക്ക് തുക ഈടാക്കാൻ പുതിയ നടപടി ക്രമങ്ങൾ നിലവിൽ ഏർപ്പെടുത്തിയതായി ബഹ്‌റൈൻ നീതിന്യായ മന്ത്രാലയം. വാണിജ്യ സിവിൽ ഇടപാടുകളിൽ ചെക്കുകൾക്കുള്ള വിശ്വാസ്യത വർധിപ്പിക്കാനും കടക്കാരുടെ സാമ്പത്തിക അവകാശങ്ങൾ വേഗത്തിൽ സംരക്ഷിക്കാനും ഈ നീക്കം സഹായിക്കുമെന്നും അധികൃതർ.

ബഹ്റൈനിൽ ബാങ്ക് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങുന്ന ചെക്കുകൾ വഴി തുക ഈടാക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് സർക്കാർ പുതിയ സംവിധാനം ഏർപ്പെടുത്തി. കോടതിയിൽ കേസ് ഫയൽ ചെയ്യാതെ തന്നെ, ചെക്ക് ഒരു എക്സിക്യൂട്ടിവ് രേഖയായി പരിഗണിച്ച് തുക ഈടാക്കാൻ അനുമതി നൽകുന്ന പുതിയ സംവിധാനം നിലവിൽ വന്നതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി എന്ന ഐജിഎയുമായി സഹകരിച്ച് ബഹ്റൈൻ നാഷനൽ പോർട്ടൽ വഴിയാണ് ഈ സേവനം ലഭിക്കുന്നത്.

വാണിജ്യ നിയമത്തിലെ ഭേദഗതി അനുസരിച്ച്, മടങ്ങിയ ചെക്കുകൾ ഇനി നേരിട്ട് നടപ്പാക്കാവുന്ന ഔദ്യോഗിക രേഖയായി പരിഗണിക്കും. ഇതിനായി കോടതി പ്രത്യേകം കേസ് നൽകേണ്ടതില്ല. ചെക്ക് തുകയുടെ രണ്ട് ശതമാനം എൻഫോഴ്സ്മെന്റ് ഫീസായി നൽകണം. ഇത് പരമാവധി 1,000 ബഹ്റൈനി ദീനാറാണ്. അപേക്ഷ നൽകുമ്പോൾ തന്നെ ഈ തുക ഓൺലൈനായി നൽകണം. കൂടാതെ ചെക്ക് തുക നൽകണമെന്ന് ആവശ്യപ്പെട്ട് ചെക്ക് നൽകിയ വ്യക്തിക്ക് നൽകിയ നോട്ടീസ്, അക്കൗണ്ടിൽ പണമില്ലെന്ന് വ്യക്തമാക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ്.

ആവശ്യമെങ്കിൽ ചെക്കിന്റെ ഇരുവശങ്ങളുടേയും വ്യക്തമായ പകർപ്പ്-പവർ ഓഫ് അറ്റോർണി എന്നിവ അപേക്ഷയോടൊപ്പം നൽകണം. ആവശ്യമായ രേഖകൾ കൃത്യമായി സമർപ്പിച്ചില്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. നിരസിക്കപെടുന്ന അപേക്ഷകൾക്ക് നൽകുന്ന ഫീസ് തിരികെ ലഭിക്കില്ല. വാണിജ്യ സിവിൽ ഇടപാടുകളിൽ ചെക്കുകൾക്കുള്ള വിശ്വാസ്യത വർധിപ്പിക്കാനും കടക്കാരുടെ സാമ്പത്തിക അവകാശങ്ങൾ വേഗത്തിൽ സംരക്ഷിക്കാനും ഈ നീക്കം സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ചെക്ക് എൻഫോഴ്സ്മെന്റ് നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

Content Highlights: Bahrain’s Justice Ministry has introduced a new regulation that will charge fees on returned checks due to insufficient funds or other issues. The move is part of efforts to tackle the growing problem of cheque bouncing and to encourage responsible financial behavior in the country.

To advertise here,contact us