പ്രവാസികളുടെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി സമിതി രൂപീകരണം; നിർദ്ദേശം അംഗീകരിച്ച് ബഹ്റൈൻ പാർലമെന്റ്

ക്രമക്കേടുകളോ വ്യാജരേഖകളോ കണ്ടെത്തുന്ന സാഹചര്യത്തിൽ കേസുകൾ ഉടനടി നിയമനടപടികൾക്കായി കൈമാറുമെന്നും അധികൃതർ അറിയിച്ചു.

ബഹ്‌റൈനിൽ സർക്കാർ മന്ത്രാലയങ്ങളിലും മറ്റു പൊതുമേഖല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനുമായി അടിയന്തര സമിതി രൂപവത്കരിക്കാനുള്ള നിർദ്ദേശത്തിന് പാർലമെന്റ് അംഗീകാരം നൽകി. പരിശോധനയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാനും മന്ത്രി സഭയിൽ തീരുമാനമായി. തട്ടിപ്പ് സംഘങ്ങൾ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ വിൽപ്പന നടത്തുന്നത് അടുത്ത സമയത്തു ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.

മെഡിക്കൽ, സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ള മേഖലയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ പ്രചരിച്ചതിനെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നും പാർലിമെന്റ് അംഗങ്ങൾ വ്യക്തമാക്കി. വിദ്യാഭ്യാസ, തൊഴിൽ, നീതിന്യായ, ആഭ്യന്തര മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചുകൊണ്ടായിരിക്കും സമിതി പ്രവർത്തിക്കുക.

നിർദേശം മേൽ കമ്മിറ്റികൾ അംഗീകരിക്കുകയാണെങ്കിൽ പൊതുമേഖലയിൽ സ്ഥിരമായോ താൽക്കാലികമായോ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളുടെയും വിദ്യാഭ്യാസ യോഗ്യതകൾ ഒരു പ്രത്യേക സമിതിക്ക് കീഴിൽ പരിശോധിക്കും. ക്രമക്കേടുകളോ വ്യാജരേഖകളോ കണ്ടെത്തുന്ന സാഹചര്യത്തിൽ കേസുകൾ ഉടനടി നിയമനടപടികൾക്കായി കൈമാറുമെന്നും അധികൃതർ അറിയിച്ചു.

Content Highlights: Bahrain Parliament Backs Committee to Check Expats' Degrees

To advertise here,contact us