ബഹ്‌റൈനിന്റെ മുഖം മാറും; വിഷൻ 2050ൽ ഉള്ളത് ടൂറിസം മേഖലയുടെ തലവര മാറ്റുന്ന പദ്ധതികൾ

സതേണ്‍ ഗവര്‍ണറേറ്റിനെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാറ്റുന്നതിനുളള പദ്ധതിയാണ് ഇതില്‍ പ്രധാനം

ബഹ്റൈനെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ വമ്പന്‍ പദ്ധതികളുമായി ഭരണകൂടം. ഹോട്ട് എയര്‍ ബലൂണ്‍ സര്‍വീസ് മുതല്‍ സിനിമ സ്റ്റുഡിയോകള്‍ വരെ ഉള്‍പ്പെടുന്നതാണ് പദ്ധതി. ബഹ്‌റൈനെ അന്താരാഷ്ട്ര സിനിമാനിര്‍മാണത്തിന്റെ കേന്ദ്രമാക്കി മാറ്റാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ബഹ്‌റൈന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന വിഷന്‍ 2050ന്റെ ഭാഗമായാണ് ടൂറിസം മേഖലയുടെ മുഖഛായ മാറ്റുന്ന വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത്. സതേണ്‍ ഗവര്‍ണറേറ്റിനെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാറ്റുന്നതിനുളള പദ്ധതിയാണ് ഇതില്‍ പ്രധാനം. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി 'ഗ്രാവിറ്റി'യുമായി ചേര്‍ന്ന് പ്രത്യേക പദ്ധതികളും ആവിഷ്‌കരിക്കും. ഇതിന്റെ ഭാഗമായി നിലവിലുള്ള ഇന്‍ഡോര്‍ സംവിധാനത്തിന് പുറമെ ഔട്ട്‌ഡോര്‍ സ്‌കൈഡൈവിങ്ങും ആരംഭിക്കും.

ഇതിന് പുറമെ അല്‍ അരീന്‍ വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ കൂടുകല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഹോട്ട് എയര്‍ ബലൂണ്‍ സര്‍വീസ്, ബോളിവുഡ് സിനിമാ സ്റ്റുഡിയോകള്‍, എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ബഹ്‌റൈനെ അന്താരാഷ്ട്ര സിനിമാനിര്‍മാണത്തിന്റെ കേന്ദ്രമാക്കി മാറ്റാനുളള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി പ്രമുഖ ബോളിവുഡ് താരങ്ങള്‍ അടുത്തിടെ ബഹ്‌റൈനില്‍ എത്തിയിരുന്നു. സിനിമാ മേഖലയിലുളള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് ഭരണകൂടത്തിന്റെ തീരുമാനം.

ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട്, എക്‌സിബിഷന്‍ വേള്‍ഡ്, സ്‌പോര്‍ട്‌സ് സിറ്റി, യൂനിവേഴ്‌സിറ്റി ഓഫ് ബഹ്‌റൈന്‍, ബഹ്‌റൈന്‍ പോളിടെക്‌നിക് എന്നിവ സ്ഥിതി ചെയ്യുന്ന സതേണ്‍ ഗവര്‍ണറേറ്റ് ബഹ്‌റൈന്റെ സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളുടെ നെടുംതൂണായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ടൂറിസം മേഖലയില്‍ കൂടുതല്‍ വികസനം എത്തുന്നതോടെ മേഖലയുടെ പ്രാധാന്യം വീണ്ടും വർധിക്കും. പുതിയ പദ്ധതികള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ബഹ്‌റൈനെ ആഗോള ടൂറിസം ഭൂപടത്തില്‍ മുന്‍നിരയിലെത്തിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തയാറാക്കിയ വിവിധ നിര്‍ദേശങ്ങള്‍ ഹൗസിങ് ആന്‍ഡ് അര്‍ബന്‍ പ്ലാനിങ് മന്ത്രാലയത്തിനും ഇക്കണോമിക് ഡെവലപ്‌മെന്റ്‌ബോര്‍ഡിനും സമര്‍പ്പിക്കും.

Content Highlights: bahrain to transform itself to big tourist destination by visio 2050

To advertise here,contact us