ബഹ്റൈനില്‍ എണ്ണ ഇതര ഇറക്കുമതി മൂല്യത്തില്‍ വര്‍ദ്ധനവ്

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായത്

ബഹ്റെനില്‍ എണ്ണ ഇതര ഇറക്കുമതിയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്. ഇറക്കുമതി മൂല്യം 520 മില്യണ്‍ ബഹ്റൈന്‍ ദിനാര്‍ എത്തിയതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ബഹ്റൈനിലേക്കുള്ള ഇറക്കുമതിയില്‍ ചൈന ഒന്നാം സ്ഥാനത്തും യുഎഇ രണ്ടാം സ്ഥാനത്തുമാണ്. ഇന്‍ഫര്‍മേഷന്‍ & ഇ-ഗവണ്‍മെന്റ് അതോറിറ്റിയുടെ വിദേശ വ്യാപാര റിപ്പോർട്ട് പ്രകാരം ബഹ്‌റൈനിലെ എണ്ണ ഇതര ഇറക്കുമതിയില്‍ 12 ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഈ വര്‍ഷം ഒക്ടോബറില്‍ ഇറക്കുമതി മൂല്യം 520 മില്യണ്‍ ബഹ്റൈന്‍ ദിനാറായി ഉയര്‍ന്നു.

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായത്. ബഹ്റൈനിലേക്കുള്ള ഇറക്കുമതിയില്‍ ചൈന ആണ് ഒന്നാം സ്ഥാനത്ത്. 14 ശതമാനമാണ് വര്‍ദ്ധനവ്. യുഎഇ രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തുമുണ്ട്. വ്യാപാര ബാലന്‍സ്, ഇറക്കുമതി, ദേശീയ കയറ്റുമതി, പുനര്‍കയറ്റുമതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇന്‍ഫര്‍മേഷന്‍ & ഇ-ഗവണ്‍മെന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബഹ്റൈനിലേക്ക് ഇറക്കുമതി ചെയ്ത ഉത്പ്പനങ്ങളില്‍ നോണ്‍-അഗ്ലോമറേറ്റ് ഇരുമ്പയിരും കോണ്‍സെന്‍ട്രേറ്റുകളുമാണ് മികച്ച ഉത്പ്പന്നങ്ങളുടെ പട്ടികയിലുള്ളത്. 38 ദശലക്ഷം ബഹ്റൈന്‍ ദിനാറിന്റെ വിമാന എഞ്ചിനുളുടെ ഭാഗങ്ങളും രാജ്യത്തേക്ക് ഇറക്കുമതി ചെയ്തതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ മേഖലയിലും വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനിടെ എണ്ണ ഇതര കയറ്റുമതിയില്‍ സൗദി അറേബ്യ ഒന്നാം സ്ഥാനം നേടി. 36 മില്യണ്‍ ദിനാറുമായി യു.എ.ഇ രണ്ടാം സ്ഥാനത്തും 35 മില്യണ്‍ ദിനാറുമായി അമേരിക്ക മൂന്നാം സ്ഥാനത്തും ഇടം പിടിച്ചു.

2025 ഒക്ടോബറില്‍ എണ്ണ ഇതര പുനർകയറ്റുമതിയുടെ ആകെ മൂല്യം 75 മില്യണ്‍ ദിനറാണ്. 2024ലെ ഇതേ കാലയളവിലെ 75 മില്യണുമായി താരതമ്യം ചെയ്യുമ്പോള്‍ എട്ട് ശതമാനമാണ് വര്‍ദ്ധന. ഫോര്‍ വീല്‍ ഡ്രൈവ് ആണ്, ബഹ്റൈനില്‍ നിന്ന് പുനര്‍ കയറ്റുമതി ചെയ്ത ഏറ്റവും മികച്ച ഉത്പ്പന്നം. ഒമ്പത് മില്യണ്‍ ദിനാറാണ് ഇതിന്റെ മൂല്യം. ഏഴ് മില്യണ്‍ ദിനാര്‍ മൂല്യമുള്ള സ്വര്‍ണ്ണ ഇങ്കോട്ടുകള്‍, അഞ്ച് മില്യണ്‍ ദിനാര്‍ മൂല്യമുള്ള റിസ്റ്റ് വാച്ചുകള്‍ എന്നിവയുടെ സ്ഥാനവും മുന്‍നിരയിലാണ്.

Content Highlights: Bahrain's non-oil import value increases

To advertise here,contact us