ബഹ്റൈനിൽ നടപ്പിലാക്കിയ പുതിയ വേതന സംരക്ഷണ പദ്ധതിയുടെ ഭാഗമാകാത്ത കമ്പനികള്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി തൊഴില് മന്ത്രാലയം. പുതിയ വിസ പെര്മിറ്റുകള് നല്കുന്നതിന് മുമ്പ് സ്ഥാപനങ്ങളുടെ വേതന രേഖകള് പരിശോധനക്ക് വിധേയമാക്കും. അതിനിടെ വേതന സംരക്ഷണ പദ്ധതിക്ക് സ്വകാര്യ മേഖലയില് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് തൊഴി മന്ത്രാലയം അറിയിച്ചു.
ബഹ്റൈനില് സ്വകാര്യമേഖലയില് വേതന സംരക്ഷണ പദ്ധതി ആരംഭിച്ചതിന് ശേഷം ഇതുവരെ 70,800ല് അധികം സ്ഥാപനങ്ങള് പദ്ധതിയുടെ ഭാഗമായി. പദ്ധതിക്ക് ലഭിക്കുന്ന മികച്ച പ്രതികരണത്തിൻ്റെ തെളിവാണിതെന്ന് തൊഴില് മന്ത്രാലയം വ്യക്തമാക്കി. തൊഴില് കരാറുകളില് പറഞ്ഞിട്ടുള്ള തീയതികളിലോ തൊഴില് നിയമം അനുശാസിക്കുന്ന മാര്ഗങ്ങളിലൂടെയോ ജീവനക്കാര്ക്ക് ശമ്പളം നല്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചാണ് ഡബ്ല്യുപിഎസിന്റെ പ്രവര്ത്തനം. വേതനം കൃത്യമായി നല്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയമലംഘനങ്ങള് കണ്ടെത്താനും റെഗുലേറ്റര്മാര്ക്ക് കൂടുതല് മെച്ചപ്പെട്ട ഡാറ്റ നല്കുന്ന ഡബ്ല്യുപിഎസിന്റെ രണ്ടാം പതിപ്പ് കഴിഞ്ഞ ഒക്ടോബര് മാസത്തിലാണ് അവതരിപ്പിച്ചത്.
നിയമലംഘനങ്ങള് കണ്ടെത്താനും നടപടിയെടുക്കാനും വിപുലമായ സംവിധാനങ്ങളാണ് മന്ത്രാലയം ഒരുക്കിയിട്ടുള്ളത്. പുതിയ വിസ പെര്മിറ്റുകള് നല്കുന്നതിന് മുമ്പ് ഓരോ സ്ഥാപനങ്ങളുടെയും വേതന രേഖകള് പരിശോധനക്ക് വിധേയമാക്കും. ഡബ്ല്യുപിഎസ് മാനദണ്ഡങ്ങള് പാലിക്കാത്ത സ്ഥാപനങ്ങള്ക്ക് പുതിയ വിസ പെര്മിറ്റുകള് അനുവദിക്കില്ല. നിയമലംഘനം കണ്ടെത്തിയാല് ആദ്യപടിയായി മുന്നറിയിപ്പ് നല്കുകയും ഒരു മാസം വരെ തിരുത്താന് സമയം അനുവദിക്കുകയും ചെയ്യും. നിശ്ചിത സമയ പരിധിക്ക് ശേഷവും നിയമ ലംഘനം തുടര്ന്നാല് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ബഹ്റൈന് സെന്ട്രല് ബാങ്ക്, ബെനിഫിറ്റ്, അംഗീകൃത ബാങ്കുകള്, ധനകാര്യ സ്ഥാപനങ്ങള് എന്നിവയുമായി സഹകരിച്ചാണ് വേതന സംരക്ഷണ നിയനത്തിന്റെ പുതിയ പതിപ്പ് നടപ്പിലാക്കുന്നത്. ആദ്യ പതിപ്പിനെ അപേക്ഷിച്ച് ഇത് കൂടുതല് സമ്പൂര്ണവും കൃത്യവുമായ വിവരങ്ങള് നല്കുന്നു. കൂടാതെ, ശമ്പളവിതരണത്തിന്റെ ഫലങ്ങള് സെക്ടറുകള് അടിസ്ഥാനമാക്കിയും സ്ഥാപനങ്ങളുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തിലും വേര്തിരിച്ച് നല്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും. സെന്ട്രല് ബാങ്കിന്റെ അനുമതിയുള്ള ഈ സംവിധാനത്തിലൂടെ മാത്രമെ കമ്പനികള്ക്ക് ജീവനക്കാര്ക്ക് ശമ്പളം കൈമാരാന് കഴിയുകയുള്ളു. ബാങ്ക് അക്കൗണ്ടുകള്, പ്രീ പെയ്ഡ് കാര്ഡുകള് എന്നിവ ഉള്പ്പെടുത്തും.
Content Highlights: Bahrain Warns Firms on New Wage Protection Scheme