പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിൽ പ്രവാസി ലീഗല് സെല് പ്രവർത്തനം മാതൃകാപരമെന്ന് ജസ്റ്റിസ് സോഫി തോമസ്. പ്രവാസി ലീഗല് സെല് യുകെ ചാപ്റ്റര് രണ്ടാം വാർഷികം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരള എന്ആര്ഐ കമ്മിഷന് അധ്യക്ഷയായ ജസ്റ്റിസ് സോഫി തോമസ്. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിൽ പിഎൽസിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പുനൽകിയതിനോടൊപ്പം തൊഴിൽ തട്ടിപ്പും മറ്റും തടയുന്നതിനായി കൂടുതലായി ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു.
പ്രവാസി ലീഗല് സെല് യുകെ ചാപ്റ്റര് പ്രെസിഡെന്റ് അഡ്വ. സോണിയ സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായി നോര്ക്ക റൂട്ട്സ് സിഇഒ അജിത് കൊളശേരിയും പങ്കെടുത്തു. യുകെയിൽ പഠനത്തിനായും മറ്റും എത്തുന്ന നിരവധിയായ പ്രവാസികൾക്ക്, പ്രവാസി ലീഗൽ പ്രവർത്തനങ്ങൾ വലിയ ആശ്വാസവും സഹായകരവുമാണ് എന്നും അജിത് കൊളശേരി ചൂണ്ടികാട്ടി. സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് കുര്യൻ ജോസഫ് രണ്ടുവർഷം മുൻപ് ഉത്ഘാടനം നിർവഹിച്ച പ്രവാസി ലീഗല് സെല് യുകെ ചാപ്റ്റര് രണ്ടു വർഷം കൊണ്ട് നിരവധിയായ പ്രവാസികൾക്ക് നിയമ സഹായം നൽകിയെന്നും തുടർന്നുമുള്ള മികച്ച പ്രവർത്തനങ്ങൾക്ക് ഗ്ലോബൽ തലത്തിൽ നിന്നും എല്ലാവിധ സഹകരണവും ഉറപ്പു നൽകുന്നതായും പ്രവാസി ലീഗല് സെല് ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.
ബ്രിസ്റ്റോൾ മുൻ മേയർ ടോം ആദിത്യ, പ്രവാസി ലീഗല് സെല് ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത്, ലോകകേരള സഭാ അംഗവും യുകെ കൈരളി മുന് സെക്രട്ടറിയുമായ കുര്യന് ജേക്കബ്, ഇന്ത്യന് ഓവര്സീസ് കോണ്ഗ്രസ് കേരള ചാപ്റ്റര് പ്രസിഡന്റ് സുജു കെ. ഡാനിയേല്, യുകെ മലയാളി സോഷ്യല് വെല്ഫെയര് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തോമസ് ജോസഫ്, ലോക കേരള സഭാംഗം വിശാല് ഉദയ കുമാര്, നൂപുർ പലിവാൽ തുടങ്ങിയവര് ചടങ്ങിന് ആശംസ അർപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ യുകെ ഐഎല്ആറുമായ ബന്ധപ്പെട്ട വിഷയത്തിൽ ബിബിൻ ജോസഫ്, മവീഷ് വേലായുധൻ എന്നിവർ നേതൃത്വം നൽകി. ഈ വിഷയത്തിൽ പ്രവാസി ലീഗൽ സെൽ ഇന്ത്യസര്കാരിന്റെയും മറ്റും അനുഭാവപൂർണമായ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും തുടർന്നും സാധ്യമായ ഇടപെടലുകൾക്ക് പ്രവാസി ലീഗൽ സെൽ നേതൃത്വം നൽകുമെന്നും അഡ്വ. സോണിയ സണ്ണി പറഞ്ഞു.
പ്രവാസി ലീഗല് സെല് യുകെ ചാപ്റ്റര് ജനറൽ സെക്രട്ടറി ശ്രീജിത്ത് മോഹൻ, ഷൈൻ പി ബേബി, സിബി നിലമ്പൂർ തുടങ്ങിയവർ വാർഷികാഘോഷങ്ങൾക്ക് നേതൃത്വം നൽകി.
Content Highlights: