ജിസിസി ഉച്ചകോടിക്ക് ഒരുങ്ങി ബഹ്റൈൻ; മേഖലയുടെ സാമ്പത്തിക പുരോഗതിയും സൈനിക-രാഷ്ട്രീയ സഹകരണവും ലക്ഷ്യം

നിലവിൽ സാമ്പത്തിക ഏകീകരണം, സംയുക്ത പ്രതിരോധം, ആഗോള പങ്കാളിത്തം എന്നിവയിൽ ജിസിസിക്ക് വലിയ പ്രസക്തിയുണ്ട്.

46-ാമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിക്ക് ഡിസംബർ മൂന്നിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ബഹ്‌റൈൻ. എട്ടാം തവണയാണ് ബഹ്‌റൈൻ ജിസിസി ഉച്ചകോടിയ്ക്ക് വേദിയാകുന്നത്. മേഖലയുടെ സാമ്പത്തിക പുരോഗതിയും സൈനിക-രാഷ്ട്രീയ സഹകരണവും ലക്ഷ്യമിട്ടുള്ള ഉച്ചകോടിയിൽ അംഗരാജ്യങ്ങളിലെ രാഷ്ട്ര നേതാക്കൾ പങ്കെടുക്കും.

ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിയും സൈനിക-രാഷ്ട്രീയ സഹകരണവും ലക്ഷ്യമിട്ട് 1981 മേയ് 25-ന് രൂപീകരിച്ച ജിസിസിയിൽ സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹറൈൻ എന്നീ ആറ് രാജ്യങ്ങളാണ് അംഗങ്ങൾ. റിയാദ് ആസ്ഥാനമായ ഈ കൂട്ടായ്മയുടെ ഉച്ചകോടിക്ക് മുന്നോടിയായി, ജിസിസി മന്ത്രിതല കൗൺസിലിന്റെ 166-ാമത് തയ്യാറെടുപ്പ് യോഗം ബഹ്‌റൈനിൽ നടന്നു. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അധ്യക്ഷത വഹിച്ച യോഗത്തിൽ, കഴിഞ്ഞ വർഷങ്ങളിൽ പ്രാദേശികവും അന്തർദേശീയവുമായ വെല്ലുവിളികളെ നേരിടാൻ ജിസിസി പ്രകടിപ്പിച്ച കഴിവിനെ പ്രശംസിച്ചു. ഉച്ചകോടിയുടെ ലോഗോ പുറത്തിറക്കി. ജിസിസി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവിയും യോഗത്തിൽ പങ്കെടുത്തു.

നിലവിൽ സാമ്പത്തിക ഏകീകരണം, സംയുക്ത പ്രതിരോധം, ആഗോള പങ്കാളിത്തം എന്നിവയിൽ ജിസിസിക്ക് വലിയ പ്രസക്തിയുണ്ട്. ഏകീകൃത ടൂറിസ്റ്റ് വീസ പോലുള്ള സംരംഭങ്ങളിലൂടെ സാമ്പത്തിക സഹകരണം ശക്തമാക്കുകയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായി സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം എല്ലാവർക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കിക്കൊണ്ട് സംയുക്ത പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും, പലസ്തീൻ-ഇസ്രയേൽ സംഘർഷം പോലുള്ള പ്രാദേശിക വിഷയങ്ങളിൽ കൂട്ടായ നിലപാട് എടുക്കാനും ജിസിസി ഉച്ചകോടികൾ വേദിയാകും. 46-ാമത് ഉച്ചകോടി പ്രാദേശിക ഐക്യം കൈവരിക്കുന്നതിനും, സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും, അറബ് ദേശീയ സുരക്ഷയെ പിന്തുണക്കുന്നതിനുമുള്ള ജിസിസി രാജ്യങ്ങളുടെ കൂട്ടായ പ്രതിബദ്ധതയെ കൂടുതൽ ദൃഢമാക്കുമെന്നാണ് പ്രതീക്ഷ.

Content Highlights: Bahrain’s hosting of 46th GCC Summit reflects longstanding support for joint Gulf action

To advertise here,contact us