ബഹ്‌റൈനിൽ ഡെലിവറി സേവനങ്ങളുടെ ഭാഗമായി തിരിച്ചറിയൽ രേഖകൾ മൊബൈൽ ഫോണിലോ ടാബിലോ പകർത്തുന്നതിന് വിലക്ക്

ഉപഭോക്തൃ സ്വകാര്യത സംരക്ഷിക്കുന്നതിനും വ്യക്തിഗത ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി

ബഹ്‌റൈനിൽ ഡെലിവറി സേവനങ്ങളുടെ ഭാഗമായി തിരിച്ചറിയൽ രേഖകൾ മൊബൈൽ ഫോണിലോ ടാബിലോ പകർത്തുന്നതിന് വിലക്ക്. രാജ്യത്തെ എല്ലാ ഷിപ്പിംഗ്, ഡെലിവറി കമ്പനികളും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചു.

ഉപഭോക്തൃ സ്വകാര്യത സംരക്ഷിക്കുന്നതിനും വ്യക്തിഗത ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ പുതിയ നിർദേശപ്രകാരം ഡെലിവറി സേവനങ്ങളുടെ ഭാഗമായി ഉൽപ്പന്നങ്ങൾ കൈമാറുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഉപഭോക്താവിന്‍റെ തിരിച്ചറിയൽ രേഖകളുടെ ഫോട്ടോ എടുക്കുന്നത് നിയമ വിരുദ്ധമാണ്. സേവന മേഖലകളിൽ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സ്വകാര്യത ഉറപ്പാക്കാൻ ഇതിലൂടെ കഴിയുമെന്ന് അതോറിറ്റി അറിയിച്ചു.

എല്ലാ ഷിപ്പിംഗ്, ഡെലിവറി കമ്പനികളും ഷിപ്പ്‌മെന്റുകളോ ഓർഡറുകളോ ഡെലിവറി ചെയ്യുമ്പോൾ ഈ നിർദേശം കൃത്യമായി പാലിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി. എന്നാൽ ഉപഭോക്താവിന്റെ തിരിച്ചറിയൽ വിവരങ്ങൾ പരിശോധിക്കുന്നതിന് തടസമില്ല. കമ്പനിയുടെ നടപടിക്രമങ്ങൾ പ്രകാരം തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് ലഭിക്കേണ്ടതുണ്ടെങ്കിൽ, ഡെലിവറി ചെയ്യുന്ന ആളിന്റെഫോൺ കമ്പനിയുടെ ഡാറ്റാബേസുമായി നേരിട്ട് ബന്ധിപ്പിക്കണം. അത് അല്ലെങ്കിൽ പകർപ്പ് ഫോണിൽ സൂക്ഷിക്കാതെ കേന്ദ്ര സിസ്റ്റത്തിലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു.

ഡെലിവറി മേഖലയിലെ തൊഴിലാളികൾക്കിടയിൽ വ്യക്തിഗത ഡാറ്റാ സംരക്ഷണ സംസ്‌കാരം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യ അവകാശങ്ങളെക്കുറിച്ചുള്ള സാമൂഹിക അവബോധം വളർത്തുന്നതിനും വ്യക്തിഗത ഡാറ്റ സംരക്ഷിക്കുന്നതിന്റെയും ഭാഗമായി സ്വീകരിക്കുന്ന നിരവധി പദ്ധതികളുടെ ഭാഗമായാണ് പുതിയ നടപടിയെന്നും അധികൃതർ അറിയിച്ചു.

Content Highlights: Bahrain bans copying identity documents on mobile phones or tablets as part of delivery services

To advertise here,contact us