സ്വകാര്യ മേഖലകളിൽ ലഭ്യമായ ജോലികളിൽ സ്വദേശികൾക്ക് അവസരം നൽകണം; നിയമത്തിന് അം​ഗീകാരം നൽകി ബഹ്റൈൻ

കൂടുതൽ ജോലി തസ്തികൾ സ്വദേശികൾക്കു ലഭ്യമാക്കി രാജ്യത്തിനകത്ത് വരുമാനം നിലനിർത്താൻ ഈ നീക്കം സഹായകമാകുമെന്നും നിർദേശത്തെ പിന്തുണക്കുന്നവർ വ്യക്തമാക്കി

ബഹ്‌റൈനിൽ സ്വകാര്യ മേഖലയിൽ ലഭ്യമായ ജോലികളിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നത് തടയുന്നതിനുള്ള അടിയന്തര നിർദേശത്തിന് ബഹ്‌റൈൻ പാർലമെന്റ് അംഗീകാരം നൽകി. ലഭ്യമായ തദ്ദേശീയ വൈദഗ്ധ്യമുള്ള മേഖലകളിൽ നിയമനം സ്വദേശികൾക്കു അനുകൂലമായി മാറണമെന്നു നിർദേശത്തിൽ വ്യക്തമാക്കുന്നു.

നിലവിൽ രാജ്യത്ത് 30ൽ അധികം യോഗ്യതയുള്ള സ്വദേശികൾ ലഭ്യമായ ജോലികളിൽ വിദേശികളെ നിയമിക്കുന്നത് തടയുന്നതിനുള്ള അടിയന്തര നിർദേശത്തിന് പാർലമെന്‍റ് ഐകകണ്ഠ്യേന അംഗീകാരം നൽകി. ചേംബറിൻ്റെ പ്രതിവാര സമ്മേളനത്തിൽ അഞ്ച് എംപിമാർ ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്. ഇത് തുടർനടപടിക്കായി മന്ത്രിസഭക്ക് കൈമാറിയിട്ടുണ്ട്. നിർദേശം ബഹ്‌റൈന്റെ സാമ്പത്തിക കാഴ്ചപ്പാട് വിഷൻ 2030 യാഥാർത്ഥ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് നിർദേശത്തിന് നേതൃത്വം നൽകിയ സർവിസസ് കമ്മിറ്റി വൈസ് ചെയർമാൻ അബ്ദുൽവാഹിദ് ഖറാത്ത വ്യക്തമാക്കി.

ഒരു പ്രത്യേക തൊഴിൽ മേഖലയിൽ യോഗ്യതയുള്ള സ്വദേശികൾ തൊഴിൽ രഹിതരായിരിക്കുമ്പോൾ, ആ തസ്തികകളിലേക്ക് വിദേശികളെ കൊണ്ടുവരുന്നതിന് യാതൊരു രീതിയിലും ന്യായീകരിക്കാൻ ആവില്ലെന്നും ലഭ്യമായ തദ്ദേശീയ വൈദഗ്ധ്യമുള്ള മേഖലകളിൽ നിയമനം സ്വദേശികൾക്കു അനുകൂലമായി മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.

നിർദേശ പ്രകാരം ഒരു പ്രത്യേക തസ്തികയിൽ 30ൽ അധികം തൊഴിൽരഹിതരെ തൊഴിൽ മന്ത്രാലയം കണ്ടെത്തി യോഗ്യതയുള്ള എല്ലാ സ്വദേശി അപേക്ഷകരെയും പരിഗണിക്കുന്നതുവരെ ആ തസ്തികകളിൽ വിദേശികളെ നിയമിക്കുന്നതിന് മരവിപ്പിക്കൽ നടപ്പിലാക്കണമെന്നും നിർദേശം മുന്നോട്ടുവെയ്ക്കുന്നു.

തൊഴിലില്ലായ്മ കുറക്കുന്നത് സാമൂഹിക സ്ഥിരത വർധിപ്പിക്കാനും ദാരിദ്ര്യ നിരക്ക് കുറക്കാനും ദേശീയ ഉൽപാദനക്ഷമത വർധിപ്പിക്കാനും സഹായിക്കുമെന്ന് പ്രമേയത്തെ പിന്തുണച്ചവർ പ്രതികരിച്ചു. കൂടുതൽ ജോലി തസ്തികൾ സ്വദേശികൾക്കു ലഭ്യമാക്കി രാജ്യത്തിനകത്ത് വരുമാനം നിലനിർത്താൻ ഈ നീക്കം സഹായകമാകുമെന്നും നിർദേശത്തെ പിന്തുണക്കുന്നവർ വ്യക്തമാക്കി.

Content Highlights: Bahrain bans non-citizen employment in the private sector

To advertise here,contact us