'പ്രവാസി പ്രൊഫഷണലുകൾ കേരളത്തിന്റെ കുതിപ്പിന് വലിയ സംഭാവന നൽകും'; ജോൺ ബ്രിട്ടാസ് എംപി

'കേരളത്തിന്റെ നിർമിതിയിൽ എക്കാലവും വലിയ പങ്ക് വഹിച്ചവരാണ് ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹം'

കേരളത്തിന് പുറത്തുള്ള പ്രൊഫഷണലുകളായ പ്രവാസികൾക്ക് നവകേരള സൃഷ്ടിക്ക് വലിയ സംഭാവന നൽകാൻ സാധിക്കുന്നവരാണെന്ന് ജോൺ ബ്രിട്ടാസ് എംപി. ബഹ്‌റൈൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം ഔറ ആർട്സുമായി സഹകരിച്ചു സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ നിർമിതിയിൽ എക്കാലവും വലിയ പങ്ക് വഹിച്ചവരാണ് ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹം. അത് കൂടുതൽ ഫലപ്രദമായ രീതിയിൽ സംസ്ഥാനത്തിന്റെ സർവ്വതോന്മുഖ വികസനത്തിനായി ഉപയോഗപ്പെടുത്താൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം പോലെയുള്ള കൂട്ടായ്മകളിലൂടെ സാധിക്കണെമന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ റിപ്പോർട്ടർ ടി വി കൺസൾട്ടിങ് എഡിറ്റർ ഇൻ ചീഫ് ഡോ: അരുൺ കുമാർ മുഖ്യാതിഥിയായിരുന്നു. ശാസ്ത്രബോധമുള്ള ഒരു തലമുറയെ സൃഷ്ഠിച്ചെടുക്കാൻ സാധിച്ചാൽ മാത്രമേ ഒരു രാജ്യത്തിന് മുന്നോട്ടു പോകാൻ സാധിക്കുവെന്നും അതിനാവശ്യമായ സാമൂഹിക സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കകയാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഭരണാധികാരികൾ ചെയ്യേണ്ടതെന്നും ഡോ: അരുൺ കുമാർ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പ്രവാസികൾക്കും ഏറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും അത്തരത്തിലുള്ള കൂട്ടായ്മകൾ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം പോലെ ഉണ്ടാകുന്നുവെന്ന് കാണുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം അഡ്വ: അബ്ദുള്ള ബിൻ ഖലീഫ അൽ റുമൈഹി ആശംസ പ്രസംഗം നടത്തി. ബഹ്‌റൈൻ പ്രവാസി സമൂഹത്തിലെ വിശിഷ്ട വ്യകതിത്വങ്ങൾ ഉൾപ്പെടെ നാന്നൂറോളം പേർ പങ്കെടുത്ത പരിപാടി മലയാളി പ്രൊഫഷനുകളുടെ കുടുംബ സംഗമ വേദി കൂടിയായി മാറി. പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം പ്രസിഡൻ്റ് ഇഎ സലിം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി കെ പി ഹരിപ്രകാശ് ആമുഖ പ്രഭാഷണം നടത്തി. മുഖ്യ രക്ഷാധികാരിയും പ്രോഗ്രാം ജനറൽ കൺവീനറുമായ പി കെ ഷാനവാസ് സ്വാഗതവും തുഷാര പ്രകാശ് നന്ദിയും പറഞ്ഞു. ബഹ്‌റൈൻ പ്രതിഭ പ്രസിഡൻ്റ് ബിനു മണ്ണിൽ ആശംസ പ്രസംഗം നടത്തി. തുടർന്ന് പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറത്തിന്റെ യൂട്യൂബ് ചാനൽ ഡോ: അരുൺകുമാർ ഉദ്‌ഘാടനം ചെയ്തു.

മലയാളി പ്രവാസികൾക്കും നാടിനും ഉപകാരപ്രദമാവുന്ന കൂടുതൽ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുവാൻ തീരുമാനം എടുത്താണ് പ്രൊഫഷണൽ മീറ്റ് സമാപിച്ചത്. ട്രഷറർ റഫീക്ക് അബ്ദുള്ള, മറ്റു ഭാരവാഹികളായ ഷൈജു മാത്യു, അഡ്വ : ശ്രീജിത്ത്, റംഷീദ് മരക്കാർ, ഡോ . താജുദ്ദീൻ, സുഭാഷ്, റാം, സജിൻ, എം കെ ശശി, ഡോ, കൃഷ്ണ കുമാർ, ഡോ: ശിവകീർത്തി, ഷേർളി സലിം, ഷീല മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. മനീഷ സന്തോഷ് പരിപാടികൾ നിയന്ത്രിച്ചു.

Content Highlights: John Brittas MP says professional expatriates can make great contribution to Kerala

To advertise here,contact us