ബഹ്റൈനിലെ സ്വകാര്യ മേഖലയില് വേതന സംരക്ഷണ നിയമം നടപ്പിലാക്കാന് ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതേറിറ്റി. രാജ്യത്തെ തൊഴില് അന്തരീക്ഷം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനായുള്ള നടപടി ക്രമങ്ങള് അന്തിമ ഘട്ടത്തിലാണെന്ന് അതേറിറ്റി അറിയിച്ചു. ബഹ്റൈനിലെ സ്വകാര്യമേഖലയില് ജോലി ചെയ്യുന്നവര്ക്ക് ശമ്പളം കൃത്യമായും ശരിയായ രീതിയിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വേതന സംരക്ഷണ നിയമം നടപ്പിലാക്കുന്നത്.
ജീവനക്കാര്ക്ക് വേതനം നല്കുന്ന ഡബ്യുപിഎസ് സംവിധാനം നവീകരിച്ചുകൊണ്ടാകും പുതിയ നിയമം നടപ്പിലാക്കുക. ബഹ്റൈൻ സെന്ട്രല് ബാങ്കുമായി സഹകരിച്ചാണ് പുതിയ സംവിധാനം. സ്വകാര്യ മേഖലയില് ജോലി ചെയ്യുന്നവരുടെ അവകാശങ്ങള് സംരക്ഷിച്ചുകൊണ്ട് സമയബന്ധിതമായി വേതനം ലഭ്യമാക്കുന്നതിനുളള സമഗ്രമായ ചട്ടക്കൂടാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നവീകരിച്ച ഡബ്യുപിഎസുമായി പൂര്ണമായും സഹകരിച്ച സ്ഥാപനങ്ങളുടെ പേരുകള് ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുമെന്ന് അധികൃതര് സൂചിപ്പിച്ചു. ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതേറിറ്റി, വിവിധ സര്ക്കാര് ഏജന്സികള്, രാജ്യത്തെ സാമ്പത്തിക മേഖല എന്നിവയെ ബന്ധിപ്പിക്കുന്ന സമഗ്രമായ പ്ലാറ്റ്ഫാമാണ് ഇതെന്ന് അധികൃതര് വ്യക്തമാക്കി.
കൃത്യമായ വിവരങ്ങള് ഉറപ്പാക്കാനും മേല്നോട്ടം ശക്തിപ്പെടുത്താനും തൊഴില് വിപണിയിലുടനീളം സുതാര്യത വര്ദ്ധിപ്പിക്കുകയും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്. പുതിയ സംവിധാനം പ്രാബല്യത്തില് വരുമ്പോള് തൊഴിലാളികള്ക്ക് ബാങ്ക് അക്കൗണ്ടുകള് തുറക്കുന്നത് ഉള്പ്പെടെയുളള നടപടികള്ക്ക് തൊഴിലുടമ സഹായിക്കണമെന്ന് അധികൃതര് അറിയിച്ചു. കരാര് പ്രകാരമുള്ള വേതനം ട്രാന്ഫര് ചെയ്യുന്നതിലൂടെ തൊഴില് തര്ക്കങ്ങള് പൂര്ണമായി ഇല്ലാതാകാന് സാധിക്കുമെന്നും അധികൃതര് വ്യക്തമാക്കി.
രാജ്യത്ത് ശക്തമായ തൊഴില് അന്തരീക്ഷം വികസിപ്പിച്ചെടുക്കുന്നതില് ഇതിനകം തന്നെ വലിയ മുന്നേറ്റം കൈവരിക്കാന് കഴിഞ്ഞിട്ടുണ്ടെന്ന് ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവും ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതി ചെയര്മാനുമായ നിബ്രാസ് താലിബ് പറഞ്ഞു. ഇത്തരം കാര്യങ്ങളിലൂടെ ബഹ്റൈന് അന്താരാഷ്ട്ര തലത്തില് വിശ്വാസ്യതയും അംഗീകാരവും നേടാന് കഴിഞ്ഞു. വിവേചനമില്ലാതെ എല്ലാ തൊഴിലാളികളുടെയും അവകാശങ്ങള് സംരക്ഷിക്കുന്ന നിയമപരമായ ചട്ടക്കൂടാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Bahrain introduces wage protection system for private sector employees