ബഹ്റൈനില് അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായുള്ള പരിശോധന കൂടുതല് ശക്തമാക്കി. വിവിധ ഗവര്ണറേറ്റുകളില് നടത്തിയ പരിശോധനയില് നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു. 98 നിയമലംഘകരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായും ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
സെപ്റ്റംബര് 28നും ഈ മാസം നാലിനും ഇടയില് 1,835 പരിശോധനകളാണ് ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തില് നടത്തിയത്. 30 സംയുക്ത പരിശോധനാ ക്യാമ്പയിനുകളും സംഘടിപ്പിച്ചു. വിവിധ വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഗുരുതരമായ നിരവധി നിയമ ലംഘനങ്ങള് പരിശോധയില് കണ്ടെത്തി. മതിയായ താമസ രേഖയില്ലാതെ രാജ്യത്ത് കഴിഞ്ഞ വന്ന 21 പ്രവാസികളെയും അറസ്റ്റ് ചെയ്തു. നേരത്തെ പിടിയിലായ 98 നിയമലംഘകരെ നാടുകടത്തിയതായും ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
നാഷണാലിറ്റി, പാസ്പോര്ട്ട്സ് ആന്ഡ് റെസിഡന്സ് അഫയേഴ്സ്, സുരക്ഷാ ഡയറക്ടറേറ്റുകള്, ജനറല് ഓര്ഗനൈസേഷന് ഫോര് സോഷ്യല് ഇന്ഷുറന്സ്, ടൂറിസം ആന്ഡ് എക്സിബിഷന്സ് അതോറിറ്റി, ആഭ്യന്തര മന്ത്രാലയം തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. താമസ, തൊഴില് രേഖകള് ഇല്ലാത്ത നിരവധി പേര് ഇപ്പോഴും രാജ്യത്ത് തുടരുന്നുണ്ടെന്നാണ് കണ്ടെത്തല്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും പരിശോധന കൂടുതല് ശക്തമാക്കാനാണ് തീരുമാനം.
നിയമ ലംഘകര്ക്ക് താമസവും ജോലിയും നല്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് പൊതു ജനങ്ങള്ക്ക് അധികൃതര് മുന്നറിയിപ്പ് നല്കി. നിയമ ലംഘനം ശ്രദ്ധയില് പെട്ടാല് തൊഴില് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ ടോള് ഫ്രീ നമ്പര് വഴിയോ അറിയിക്കണമെന്നും ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. തൊഴില് വിപണിയെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്ന പ്രവര്ത്തനങ്ങള്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
Content Highlights: Inspections to detect illegal residents in Bahrain have been intensified