പ്രവാസികളുടെ വിദ്യാഭ്യാസ യോ​ഗ്യത ഉറപ്പുവരുത്തണം; പുതിയ സമിതിക്ക് രൂപം നൽകി ബഹ്റൈൻ

ആരോഗ്യം, വിദ്യാഭ്യാസം, എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളിള്‍ യോഗ്യതയില്ലാത്തവര്‍ പ്രവേശിക്കുന്നത് മൂലമുള്ള അപകടസാധ്യതകള്‍ കുറക്കാനും നടപടിയിലൂടെ കഴിയും.

ബഹ്റൈനില്‍ പ്രവാസി തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് യോഗ്യത പരിശോധിക്കുന്നതിനായി പുതിയ സമിതിക്ക് രൂപം നല്‍കണമെന്ന് നിര്‍ദേശം. ആരോഗ്യം, വിദ്യാഭ്യാസം, എഞ്ചനീയറിങ് തുടങ്ങിയ മേഖലകളിള്‍ യോഗ്യതയില്ലാത്തവര്‍ ജോലിക്ക് പ്രവേശിക്കുന്നതുമൂലുമുള്ള അപകടസാധ്യതകള്‍ കുറക്കാന്‍ ഇത് സഹായിക്കുമെന്ന് എംപിമാരുടെ നിര്‍ദേശത്തില്‍ പറയുന്നു. റിപ്പോര്‍ട്ട് ഉടന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കും.

ബഹ്‌റൈനില്‍ വിവിധ മേഖലകളില്‍ വിദേശതൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ യഥാര്‍ത്ഥവും ഔദ്യോഗികമായി അംഗീകരിച്ചതുമാണെന്ന് ഉറപ്പു വരുത്തേണ്ടത് ആവശ്യമാണെന്ന് എംപിമാരുടെ നിര്‍ദേശത്തില്‍ പറയുന്നു. ഇതിനായി തൊഴില്‍, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെയും എല്‍എംആര്‍എയുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു സംയുക്ത സമിതി സ്ഥാപിക്കണമെന്നാണ് നിര്‍ദേശം.

എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ബന്ധിപ്പിക്കുന്ന ഒരു കേന്ദ്രീകൃത ഡേറ്റാബേസ് തയ്യാറാക്കുകയും യോഗ്യതകള്‍ പരിശോധിച്ച് തത്സമയം പ്രവേശനം അനുവദിക്കുന്നതിനും ഏകോപനം മെച്ചപ്പെടുത്തുന്നതിനും സമിതി മേല്‍നോട്ടം വഹിക്കണം. പ്രവാസി തൊഴിലാളികള്‍ ജോലിക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അവരുടെ യോഗ്യത ഉറപ്പുവരുത്തുന്നതിലൂടെ അര്‍ഹതയുള്ളവര്‍ക്ക് തന്നെയാണ് വിവിധ മേഖലകളില്‍ നിയമനം നല്‍കിയതെന്ന് ഉറപ്പുവരുത്താനാകും.

തൊഴില്‍വിപണിയുടെ മൂല്യങ്ങളും പൊതു-സ്വകാര്യ സേവനങ്ങളുടെ ഗുണമേന്മയും ഇതിലൂടെ ഉറപ്പാക്കാനാകും. ആരോഗ്യം, വിദ്യാഭ്യാസം, എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളിള്‍ യോഗ്യതയില്ലാത്തവര്‍ പ്രവേശിക്കുന്നത് മൂലമുള്ള അപകടസാധ്യതകള്‍ കുറക്കാനും നടപടിയിലൂടെ കഴിയും. യോഗ്യതയുള്ള പ്രഫഷനലുകളെ നിയമിക്കുന്നതിലൂടെ സേവനനിലവാരം ഉയര്‍ത്താനും ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും മികച്ച സേവനങ്ങള്‍ ഉറപ്പാക്കാനും കഴിയുമെന്നും എംപിമാര്‍ ചൂണ്ടികാട്ടുന്നു.

മുഹമ്മദ് ഹുസൈന്‍ ജനാഹിയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലമിന് കൈമാറിയത്. സര്‍വിസ് കമ്മിറ്റിയുടെ പരിശോധനക്ക് ശേഷം റിപ്പോര്‍ട്ട് ഉടന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കും.

Content Highlights: Bahrain suggests a new committee to vet expat worker qualifications

To advertise here,contact us