വോയ്‌സ് ഓഫ് ആലപ്പി വർണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു

പൂവേ പൊലി 2025 എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്

ബഹ്‌റൈനിലെ ആലപ്പുഴ ജില്ലാക്കാരുടെ കലാ-സംസ്കാരിക കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സല്ലാഖിലെ ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടിൽ വെച്ച് നടന്ന ഓണാഘോഷപരിപാടികൾ കുട്ടികൾക്കും മുതിർന്നവർക്കും വേറിട്ട അനുഭവമായി. ആഘോഷപരിപാടികൾക്ക് ആവേശം പകർന്നുകൊണ്ട് സംഘടിപ്പിച്ച വിവിധ കലാപരിപാടികളും നാടൻ കളി മത്സരങ്ങളും നാവിൽ രുചിയൂറുന്ന വിഭവങ്ങളുമായി ഒരുക്കിയ ഓണസദ്യയും ആഘോഷത്തിന്റെ മാറ്റ് കൂട്ടി.

പൂവേ പൊലി 2025 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി, ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക ആരോഗ്യ രംഗത്തെ നിറസാന്നിധ്യവും വോയ്‌സ് ഓഫ് ആലപ്പി രക്ഷധികാരിയുമായ ഡോ: പി വി ചെറിയാൻ ഉൽഘാടനം ചെയ്തു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിന് ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ആലപ്പി രക്ഷധികാരികളായ സോമൻ ബേബി, അനിൽ യുകെ, അലക്സ്‌ ബേബി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ട്രഷറർ ബോണി മുളപ്പാംപള്ളിൽ നന്ദി രേഖപ്പെടുത്തി.

​ബഹ്‌റൈനിലെ പ്രശസ്തമായ 'ആരവം മ്യൂസിക് ബാൻഡ്' അവതരിപ്പിച്ച നാടൻപാട്ടുകൾ സദസിനെ ആവേശത്തിലാഴ്ത്തി. വോയ്‌സ് ഓഫ് ആലപ്പി കലാകാരന്മാരുടെ കൂട്ടായ്മയായ അരങ്ങ് ആലപ്പിയിയിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാനമേളയും മിമിക്രിയും കുട്ടികൾ അവതരിപ്പിച്ച വിവിധ നൃത്ത നിത്യങ്ങളും ആഘോഷങ്ങൾക്ക് നിറം പകർന്നു. ​തുടർന്ന് മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ നാടൻ മത്സരങ്ങളും സംഘടിപ്പിച്ചു.

വിഭവസമൃദ്ധമായ ഓണാസദ്യ പടിപടിയുടെ മറ്റൊരു ആകർഷണമായി. ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളും സൗഹൃദം പുതുക്കലിന്റെ സന്തോഷവും ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാവരിലും പ്രകടമായിരുന്നു. പൂവേ പൊലി കൺവീനവർമാരായ അജിത് കുമാർ, ശരത് ശശി, കോർഡിനേറ്റർമാരായ ഗോകുൽ കൃഷ്ണൻ, സനിൽ വള്ളികുന്നം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ ഓണഘോഷത്തിന് നേതൃത്വം നൽകി. ദീപക് തണൽ, ജയൻ കെ, പ്രസന്നകുമാർ, നിതിൻ ചെറിയാൻ, ഗിരീഷ് ബാബു, പ്രവീൺ പ്രസാദ്, ഷെഫീഖ് സൈദ്കുഞ്ഞ്, രശ്മി അനൂപ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് കമ്മറ്റി, വിവിധ ഏരിയ കമ്മറ്റികൾ, ലേഡീസ് വിംഗ് തുടങ്ങിയവർ പൂവേ പൊലിയുടെ വിജയത്തിനുവേണ്ടി പ്രവർത്തിച്ചു.

Content Highlights: Voice of Alleppey organized a colorful Onam celebration

To advertise here,contact us