ബഹിരാകാശ സഹകരണം വർദ്ധിപ്പിക്കണം; ബഹ്റൈൻ-ജപ്പാൻ ധാരണാപത്രം ഒപ്പുവെച്ചു

ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പുതിയ കരാര്‍

ബഹിരാകാശ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സി ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. മേഖലയുടെ സുസ്ഥിരതയ്ക്കും വികസനത്തിനും സംഭാവന നല്‍കുന്ന ഒന്നായി സഹകരണം മാറുമെന്ന് ഇരു രാജ്യങ്ങളും അഭിപ്രായപ്പെട്ടു.

ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പുതിയ കരാര്‍. ബഹിരാകാശ മേഖലയില്‍ ജപ്പാനും ബഹ്‌റൈനും തമ്മിലുള്ള സഹകരണ വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ജാപ്പാനെ പ്രതിനിധീകരിച്ച് ജാക്‌സ പ്രസിഡന്റ് ഹിരോഷി യമകാവയും തമ്മില്‍ കരീടാവകശിയുടെ സാനിധ്യത്തില്‍ കരാറില്‍ ഒപ്പുവച്ചു.

പ്രമുഖ അന്താരാഷ്ട്ര ഏജന്‍സികളുമായുള്ള പങ്കാളിത്തത്തം ബഹിരാകാശ മേഖലയിലെ ശ്രദ്ധേയമായ ചുവടുവെയ്പ്പാണെന്ന് ബഹ്റൈന്‍ സ്പേസ് ഏജന്‍സി ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് ഇബ്രാഹിം അല്‍ അസീരി പറഞ്ഞു. ഗവേഷണ വികസനം, സാങ്കേതിക വിദ്യകളുടെ കൈമാറ്റം,പരിശീലനം, സംയുക്ത പദ്ധതികള്‍ എന്നിവ കരാറിലൂടെ സാധ്യനമാകും. ബഹിരാകാശ പര്യവേഷണത്തില്‍ ശാസ്ത്ര-സാങ്കേതിക സഹകരണം പ്രോത്സാഹിപ്പിക്കല്‍, ബഹിരാകാശ വ്യവസായത്തിന്റെ വളര്‍ച്ച, എന്നിവയും പുതിയ കാറാറിലൂടെ ലക്ഷ്യമിടുന്നു.

Content Highlights: Bahrain Space Agency signs MoU with JAXA to enhance space cooperation

To advertise here,contact us