ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ റിപ്പോർട്ട് പ്രകാരം ബഹ്റൈനിലെ ഡിജിറ്റൽ സാക്ഷരതാ നിരക്ക് 97.6 ശതമാനമായി ഉയർന്നു. ആഗോള തലത്തിൽ ഡിജിറ്റൽ സാക്ഷരത 88 ശതമാനം എന്നിരിക്കെയാണ് ബഹ്റൈൻ ഈ നേട്ടം കൈവരിച്ചത്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ഡിജിറ്റൽ സാക്ഷരതാ നിരക്കിൽ സൗദി അറേബ്യയാണ് മുന്നിലുള്ളത്. 99.5 ശതമാനം ഡിജിറ്റൽ സാക്ഷരതായണ് സൗദിക്കുള്ളത്. 99 ശതമാനം വീതം നേടി ഖത്തറും കുവൈത്തും രണ്ടും മൂന്നും സ്ഥാനങ്ങളിലുമുണ്ട്.
ഒമാൻ 97.9 ശതമാനം, യു.എ.ഇ 96.3 ശതമാനം എന്നിങ്ങനെയാണ് മറ്റ് ഗൾഫ് രാജ്യങ്ങളിലെ ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ റിപ്പോർട്ട് പ്രകാരമുള്ള ഡിജിറ്റൽ സാക്ഷരതാ നിരക്ക്. ബഹ്റിനിൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഡിജിറ്റൽ പഠന രീതികളുടെ സാന്നിധ്യം ഏറെ വിലമതിയാകാനാവാത്തതാണ്. എൽ.പി, യു.പി, സെക്കൻഡറി തലങ്ങളിലുള്ള എല്ലാ ജി.സി.സി സ്കൂളുകളിലും ഇപ്പോൾ ഇന്റർനെറ്റ് സൗകര്യവും കമ്പ്യൂട്ടറുകളും ഉണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ വ്യക്തമാക്കി. ഇത് പഠനരീതികളെ കൂടുതൽ ലളിതമാക്കാനും വിദ്യാർഥികളുടെ ഗവേഷണ ശേഷി വർധിപ്പിക്കാനും സഹായിച്ചതായും സൂചിപ്പിക്കുന്നു.
അതിനിടെ ബഹ്റൈൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അധ്യാപകർക്കും ജോലിക്കാർക്കും വേണ്ടി കൂടുതൽ സായാഹ്ന കോഴ്സുകൾ ആരംഭിക്കണമെന്ന് പാർലിമെന്റ് അംഗം എം.പി ഡോ. മുനീർ സെരൂർ അഭിപ്രായപ്പെട്ടു. ബഹ്റൈനിൽ മികച്ച ഇന്റർനെറ്റ് സേവനവും ശക്തമായ ടെലികോം ശൃംഖലയുമുണ്ട്. വിദ്യാർഥികൾ, ബിരുദധാരികൾ, വിവിധ മേഖലകളിലെ തൊഴിലാളികൾ എന്നിവരുടെ സാങ്കേതിക കഴിവുകൾ കൂടുതൽ വർധിപ്പിക്കുന്നതിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ കഴിവുകളിലുള്ള നിക്ഷേപം ഉൽപാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശക്തമായ ഡിജിറ്റൽ സാക്ഷരത സൈബർ സുരക്ഷാ അവബോധം വളർത്താനും അഴിമതി വിരുദ്ധ പ്രവർത്തനങ്ങളെ സഹായിക്കാനും സാമ്പത്തിക-ഇലക്ട്രോണിക് സുരക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്നും ഇത്തരം കാര്യങ്ങൾ രാജ്യത്തെ വിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് കരുത്തുപകരുമെന്നും ഡോ. മുനീർ സെരൂർ വ്യക്തമാക്കി.
Content Highlights: Bahrain has one of the highest literacy rates in the GCC