ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവുവന്നതോടെ രൂപയുമായുള്ള വിനിമയ നിരക്കിൽ കുതിപ്പ് നടത്തി ബഹ്റൈൻ ദിനാർ. എക്സ്ചേഞ്ച് റിപ്പോർട്ടു പ്രകാരം ഒരു ബഹ്റൈൻ ദിനാറിന്റെ വിനിമയ മൂല്യം 234 രൂപയും കടന്ന് ഉയരുകയാണ്. രൂപയ്ക്കെതിരെ ദിനാർ അടുത്തിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്.
ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യത്തിലുണ്ടാകുന്ന ഈ മാറ്റം കാരണം ബഹ്റൈനിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് ഉയർന്ന മൂല്യമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇത് പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ, സൗദി, ഖത്തർ, ഒമാൻ കറൻസികൾ ഉയർന്ന വിനിമയ നിരക്കാണ് സമീപ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.
ഇന്ത്യ-യു.എസ് താരിഫ് പ്രതിസന്ധി നിലനിൽക്കെ ഒരു മാസത്തിനിടെ നാല് രൂപയിലധികം വർധനവാണ് ഇന്ത്യൻ രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്കിൽ പ്രകടമായത്. ഇതിന് പിറകെ ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര ചർച്ചകൾ സംബന്ധിച്ച സൂചനയും വിപണിയെ ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസം യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസയോളം ഇടിഞ്ഞിരുന്നു.
രൂപയുടെ അടുത്തിടെയുള്ള ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതിന് പിറകെ രൂപയുമായുള്ള വിനിമയ നിരക്കിൽ ജി.സി.സി രാജ്യങ്ങളിലെ കറൻസികൾ ഉയർച്ച കൈവരിച്ചു. ഇന്ത്യൻ കയറ്റുമതിയിൽ യു.എസ് ഉയർന്ന താരിഫ് നിരക്ക് ഏർപ്പെടുത്തിയതിന് പിറകെ ഇന്ത്യൻ രൂപയുടെ ദുർബലാവസ്ഥയിൽ തുടരുകയായിരുന്നു.
Content Highlights: Bahraini dinar to Indian rupees Historical Exchange Rates