സമൂഹമാധ്യമങ്ങളിലെ വ്യാജ ഓഫറുകൾ വ്യാപകമാകുന്നു; മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം

പല തരത്തിലാണ് സോഷ്യല്‍ മീഡിയില്‍ വ്യാജ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്

ബഹ്റൈനില്‍ സമൂഹ മാധ്യമങ്ങിലൂടെ വ്യാജ ഓഫറുകള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നത് വ്യാപകമാകുന്നതായി കണ്ടെത്തല്‍. വ്യാജ അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വിഴരുതെന്നും ഓണ്‍ലൈന്‍ വഴി ഇടപാട് നടത്തുമ്പോള്‍ സ്ഥാപനത്തിന്റെ ശരിയായ വിവരങ്ങള്‍ മനസിലാക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

പല തരത്തിലാണ് സോഷ്യല്‍ മീഡിയില്‍ വ്യാജ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. കാര്‍ വിന്‍ഡോ ടിന്റിങ് സേവനങ്ങള്‍ നല്‍കുന്നതടക്കമുളള പരസ്യങ്ങള്‍ വ്യാജമായി പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജമാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ അഴിമതി, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുകയാണ് ഇത്തരം സംഘങ്ങളുടെ ലക്ഷ്യം.

വളരെ കുറഞ്ഞ നിരക്കിലും വേഗത്തിലും സേവനം നല്‍കുമെന്ന് അവകാശപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് സംഘം സമൂഹമാധ്യങങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത്തരക്കാര്‍ നല്‍കുന്ന അക്കൗണ്ടുകളില്‍ പേയ്‌മെന്റ് നല്‍കുമ്പോള്‍ കൂടുതല്‍ പണം നഷ്ട്ടപെടുവാന്‍ സാധ്യത ഉണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഓണ്‍ലൈന്‍ വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ സാധുവായ വാണിജ്യ രജിസ്‌ട്രേഷന്‍ നിലനില്‍ക്കുന്നുണ്ടോയെന്നും ശരിയായ വിലാസത്തിലാണോ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം പൊതുജനങ്ങളക്ക് നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരായ ആദ്യ പ്രതിരോധം സമൂഹത്തില്‍ നിന്നാണ് ഉണ്ടാകേണ്ടതെന്നും ഇത്തരക്കാരുടെ തട്ടിപ്പില്‍ വീഴരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

വ്യാജ തട്ടിപ്പ് സംഘത്തിനെതിരായ നടപടിയും ആഭ്യന്തര മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ ബിസിനസ് ഓഫറുകളില്‍ വിശ്വസിച്ചു പണം നല്‍കിയ നിരവധി ആളുകള്‍ക്കാണ് പണം നഷ്ടമായതായും കണ്ടെത്തിയിട്ടുണ്ട്.

Content Highlights: fake offers on social media in Bahrain

To advertise here,contact us