ബഹ്റൈനിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന വിദേശികളെ ആകർഷിക്കുന്നതിനായി ഗോൾഡൻ വിസ പദ്ധതിയിൽ മാറ്റങ്ങളുമായി സർക്കാർ. മുമ്പുണ്ടായിരുന്ന നിബന്ധനകൾ ലഘൂകരിച്ച് കൂടുതൽപേർക്ക് ഗോൾഡൻ വിസ നൽകാനാണ് നീക്കം. റിയൽ എസ്റ്റേറ്റ് നിക്ഷേപകർ ഉൾപ്പെടെയുള്ള നിശ്ചിത വിഭാഗക്കാർക്ക് ഈ ഗോൾഡൻ വിസക്കായി അപേക്ഷിക്കാം.
ബിസിനസുകാരായ വിദേശികൾക്ക് 100 ശതമാനം ഉടമസ്ഥാവകാശം ബഹ്റൈൻ അനുവദിക്കുന്നുണ്ട്. ഇത് ഗോൾഡൻ വിസ ലഭിക്കുന്നതിലൂടെ കൂടുതൽ നിക്ഷേപ അവസരങ്ങൾക്കും മറ്റ് ആനുകൂല്യങ്ങൾക്കും വഴിയൊരുക്കും. സ്ഥിരതാമസത്തിനുള്ള ഈ പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിയൽ എസ്റ്റേറ്റ് നിക്ഷേപരിൽ വാങ്ങുന്ന സമയത്ത് രണ്ട് ലക്ഷം ദിനാറിൽ കുറയാത്ത മൂല്യമുള്ള വസ്തുക്കളുടെ ഉടമകൾക്ക് ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. നിശ്ചിത മേഖലകളിൽ പ്രതിഭകളായി അംഗീകരിക്കപ്പെട്ടവരും സർക്കാർ ഏജൻസികൾ നോമിനേറ്റ് ചെയ്തവരുമായ വിദേശികൾക്കും ഗോൾഡൻ വിസ ലഭിക്കാൻ അർഹതയുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി 2,000 ദിനാറിൽ കുറയാത്ത പ്രതിമാസ ശമ്പളത്തിൽ ബഹ്റൈനിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. ബഹ്റൈനിലോ മറ്റ് രാജ്യങ്ങളിലോ ജോലിയിൽ നിന്ന് വിരമിച്ചവർക്കും വിരമിക്കുന്ന സമയത്ത് 4,000 ബഹ്റൈൻ ദിനാറിൽ കുറയാത്ത അടിസ്ഥാന ശമ്പളമുണ്ടായിരുന്നവരുമായ വ്യക്തികൾക്കുമാണ് ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാവുന്ന മറ്റൊരു വിഭാഗം.
നിരവധി ആനുകൂല്യങ്ങളാണ് ബഹ്റൈൻ ഗോൾഡൻ വിസ വഴി ലഭിക്കുന്നത്. ഇത് ദീർഘകാല സ്ഥിരതയും തൊഴിൽ സാധ്യതകളും ഉറപ്പാക്കുന്നു. ഗോൾഡൻ വിസ ലഭിക്കുന്നവർക്ക് ആജീവനാന്ത റെസിഡൻസി ആണ് ബഹ്റൈൻ നൽകുന്നത്. വിസ സ്വന്തമാക്കുന്നവരുടെ കുടുംബാംഗങ്ങൾക്കും ബഹ്റൈനിൽ സ്ഥിര താമസം ഉറപ്പാക്കാം. ഭാര്യ, കുട്ടികൾ, മാതാപിതാക്കൾ എന്നിവരെയും ഗോൾഡൻ വിസയുടെ കീഴിൽ കൊണ്ടുവരാൻ സാധിക്കും.
ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കുന്ന ഓരോ വിഭാഗക്കാർക്കും വെവ്വേറെ രേഖകൾ വേണ്ടിവരും. എങ്കിലും ചിലരേഖകൾ എല്ലാ വിഭാഗങ്ങൾക്കും ആവശ്യമാണ്. ആറ് മാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ടിന്റെ പകർപ്പ്, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബഹ്റൈനിലെ ആരോഗ്യ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, മുമ്പ് ബഹ്റൈനിൽ താമസിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പെർമിറ്റിന്റെ പകർപ്പ്, അപേക്ഷിക്കുന്ന തീയതിയിൽ മൂന്ന് മാസത്തിൽ കുറയാത്ത കാലയളവിലുള്ള, തുടർച്ചയായ രോഗങ്ങളൊന്നും ഇല്ലെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ട് തുടങ്ങിയവ എല്ലാ വിഭാഗങ്ങളും സമർപ്പിക്കണം.
ഗോൾഡൻ വിസ അപേക്ഷാ ഫീസായി ഓരോ വ്യക്തിക്കും അഞ്ച് ബഹ്റൈൻ ദിനാറും വിസ ഇഷ്യൂ ചെയ്യുന്നതിനായി 300 ബഹ്റൈൻ ദിനാറുമാണ് നൽകേണ്ടത്. ബഹ്റൈനിലെ നാഷണാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് (NPRA) ആണ് ഗോൾഡൻ വിസ ഇഷ്യൂ ചെയ്യുന്നത്. ഈ വിസയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
നിശ്ചിത വിഭാഗങ്ങൾക്കാണ് ഗോൾഡൻ വീസ അനുവദിക്കുന്നത്. വിദേശീയർക്ക് ബഹ്റൈനിൽ സ്ഥിരമായി താമസിക്കാനുള്ള സുവർണാവസരമാണ് ഗോൾഡൻ വീസ. ബിസിനസുകാരായ വിദേശീയർക്ക് 100 ശതമാനം ഉടമസ്ഥാവകാശമാണ് ബഹ്റൈൻ അനുവദിക്കുന്നത് എന്നതിനാൽ ഗോൾഡൻ വീസ ലഭിക്കുന്നത് കൂടുതൽ നിക്ഷേപ അവസരങ്ങൾക്കും ആനുകൂല്യങ്ങൾക്കും ഇടയാക്കും.
Content Highlights: Golden Visa Bahrain attracts foreign nationals