ബഹ്റൈനിൽ കടൽ തീരത്തിറങ്ങുന്നവർക്ക് ജാഗ്രതാ നിർദേശം. തീരങ്ങളിൽ വില്ലനായി ജെല്ലിഫിഷിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് അധികൃതർ ജാഗ്രത മുന്നറിയിപ്പ് നൽകിയത്. കാണാൻ മനോഹരമായി തോന്നുന്ന, എന്നാൽ തൊട്ടാൽ വിവരമറിയുന്ന ഒരു തരം ഫിഷ് പോലെയുള്ള ഒന്നാണ് ജെല്ലി ഫിഷ്. കടൽ ചൊറിയെന്നും ഇതിനെ വിളിക്കാറുണ്ട്.
ബഹ്റൈനിന്റെ വിവിധ കടൽഭാഗങ്ങളിലും ജനസാന്നിധ്യമുള്ള ബീച്ച് ഓരങ്ങളിലും നിലവിൽ ജെല്ലിഫിഷുകളെ കണ്ടെത്തിയിട്ടുണ്ട്. വേനൽക്കാലമായത് കൊണ്ട് തന്നെ ക്രമാതീതമായ വർധനവ് ഉണ്ടായിട്ടുണ്ട്. കരയിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത വർധിച്ചതും എണ്ണം കൂട്ടി. ജെല്ലിഫിഷുകളെ ഭക്ഷിക്കുന്ന കടലാമകൾ, ചിലതരം മത്സ്യങ്ങൾ തുടങ്ങിയവയുടെ എണ്ണം കുറഞ്ഞതും വെല്ലുവിളിയായതായി ബഹ്റൈൻ അധികൃതർ പറഞ്ഞു.
ജെല്ലിഫിഷുകളെ തൊടുന്നത് കഠിനമായ വേദനക്കും അസ്വസ്ഥതക്കും കാരണമാകും. ഏതെങ്കിലും രീതിയിൽ ഇതിന്റെ ആക്രമണത്തിനിരയായാൽ ശുദ്ധമായ വെള്ളം കൊണ്ട് കഴുകുകയും ഉടൻ ഡോക്ടറെ കാണിക്കുകയും ചെയ്യണമെന്നും അധികൃതർ പറഞ്ഞു.
Content Highlights: Safety alert as jelly fish season begins in bahrain