വർഷം 2011 ഒക്ടോബർ, ബോക്സ് ഓഫീസിനെ ഇളക്കിമറിക്കാൻ കെൽപ്പുള്ള രണ്ട് സൂപ്പർതാര സിനിമകൾ തിയേറ്ററിലെത്തുന്നു. സൂര്യയുടെ ഏഴാം അറിവും വിജയ്യുടെ വേലായുധവും. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ക്ലാഷിനെത്തിയ സൂര്യ - വിജയ് സിനിമകൾ ആയതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയായിരുന്നു ഇരു സിനിമകൾക്കും ഉണ്ടായിരുന്നത്. എന്നാൽ തിയേറ്ററിലെത്തിയതും കഥയാകെ മാറിമറിഞ്ഞു. മുരുഗദോസ് - സൂര്യ കൂട്ടുകെട്ടിലെത്തിയ ഏഴാം അറിവ് വിജയ്യുടെ വേലായുധത്തിനെക്കാൾ ഓപ്പണിങ് കേരളത്തിലുൾപ്പെടെ നേടി. അതേ, ഇന്ന് ഒരു ഹിറ്റിനായി കാത്തിരിക്കുന്ന, പരാജയങ്ങൾ വിടാതെ പിന്തുടരുന്ന സൂര്യക്ക് ഒരു കഴിഞ്ഞ കാലമുണ്ടായിരുന്നു. തമിഴിൽ അജിത്തിനും വിജയ്ക്കും വരെ കട്ട കോംപെറ്റീഷൻ നൽകിയിരുന്ന ആ പഴയ നടിപ്പിൻ നായകന് എന്താണ് സംഭവിച്ചത്?
വിജയ്യും രജനികാന്തും അജിത്തുമൊക്കെ ആരാധകരെ ത്രസിപ്പിക്കുന്ന കൊമേർഷ്യൽ സിനിമകൾ കൊണ്ട് ബോക്സ് ഓഫീസിനെ ഭരിച്ചിരുന്ന കാലത്തും സൂര്യ ഒരിക്കലും ആ ഒഴുക്കിനൊപ്പം നീന്തിയിരുന്നില്ല. കൊമേർഷ്യൽ സ്വഭാവം ഉള്ള എന്നാൽ ശക്തമായ കഥയും അഭിനയ പ്രാധാന്യവുമുള്ള സിനിമകളായിരുന്നു സൂര്യയുടെ തട്ടകം. പരീക്ഷണങ്ങൾക്ക് സ്വയം വിട്ടുകൊടുത്ത് ബോക്സ് ഓഫീസിനൊപ്പം പ്രേക്ഷകരുടെ കയ്യടി വാങ്ങാനും സൂര്യയ്ക്ക് സാധിച്ചു. ഗജിനിയും, ആറും, വേലും, വാരണം ആയിരവും, ആയുധ എഴുത്തുമൊക്കെ അത്തരം കൃത്യമായി ബാലൻസ് ചെയ്ത സൂര്യ ചിത്രങ്ങളായി. 2009 മുതൽ 2012 വരെ തുടർച്ചയായ ഹിറ്റുകൾ. അതിൽ അയനും, സിങ്കവും ഏഴാം അറിവുമൊക്കെ സൂര്യയിലെ കൊമേർഷ്യൽ നായകന്റെ പീക്കിനെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചപ്പോൾ വിജയ്യെയും അജിത്തിനെയുമൊക്കെ പിന്തള്ളി ഒരു സൂപ്പർസ്റ്റാർഡത്തിലേക്ക് അയാൾ ഉടനെത്തുമെന്ന് വരെ പ്രവചനങ്ങളുണ്ടായി.
എന്നാൽ പിന്നീടങ്ങോട്ട് അത്ര നല്ല വർഷമായിരുന്നില്ല സൂര്യക്ക്. ലിംഗുസാമി ഒരുക്കിയ അഞ്ചാൻ സൂര്യയെ സൂപ്പർതാര പദവിയിൽ കൊണ്ടെത്തിക്കാൻ ശ്രമിച്ച്, അമ്പേ പരാജയപ്പെട്ട ശ്രമമായി. വെങ്കട്ട് പ്രഭുവിന്റെ മാസ്സ് സൂര്യ ആരാധകർ പോലും മനഃപൂർവം മറക്കാൻ ആഗ്രഹിക്കുന്ന സിനിമകാഴ്ചയായി. ഇതിനിടയിൽ വിക്രം കുമാർ ഒരുക്കിയ 24 മികച്ച പരീക്ഷണവും ആത്രേയ എന്ന വില്ലനായുള്ള സൂര്യയുടെ ഞെട്ടിപ്പിച്ച പരകായപ്രവേശം കൂടിയുണ്ടായിട്ട് പോലും ബോക്സ് ഓഫീസിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. പിൽകാലത്ത് പ്രേക്ഷകർ വാഴ്ത്തിപ്പാടിയ സിനിമയായി 24 മാറിയെങ്കിലും സിനിമയുടെ ബോക്സ് ഓഫീസിലെ ക്ഷീണം സൂര്യക്ക് കനത്ത തിരിച്ചടിയായിരുന്നു.
ഏതൊരു സിനിമയ്ക്കായും 100 ശതമാനം നൽകുന്ന നായകൻ, സിനിമകൾ മോശമാകുമ്പോഴും ഒരു മോശം സൂര്യ പ്രകടനം ചൂണ്ടിക്കാണിക്കാനാകില്ല. എന്നാൽ പലപ്പോഴും സൂര്യ മികച്ചുനിൽക്കുമ്പോഴും സിനിമകൾ വിജയിക്കാത്തത് നടന്റെ മുന്നോട്ടുള്ള ഭാവിയെ സാരമായി തന്നെ ബാധിച്ചു. താന സേർന്ത കൂട്ടവും, എൻ ജി കെയും, കാപ്പാനുമൊക്കെ വമ്പൻ ഹൈപ്പിലെത്തി നിലംപൊത്തിയ സൂര്യ സിനിമകളായി. സൂര്യയുടെ മാർക്കറ്റ് പോയി, സൂര്യയ്ക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല, റിട്ടയർ ആകുന്നതാണ് നല്ലത് എന്ന് തുടങ്ങി കടുത്ത ഭാഷയിലെ വിമർശനങ്ങൾ സൂര്യയെ കുത്തിനോവിക്കാൻ തുടങ്ങിയപ്പോൾ ആരാധകരും വിഷമിച്ചു.
ഇതിനിടയിൽ സൂരറൈ പോട്രുവും, ജയ് ഭീമും സൂര്യയിലെ അഭിനേതാവിന്റെ ഗംഭീര തിരിച്ചുവരവായെങ്കിലും അവിടെയും നിർഭാഗ്യം സൂര്യയെ പിന്തുടർന്നു. തിയേറ്ററിനു പകരം ഒടിടിയിലെത്തിയ രണ്ട് സിനിമകളും മികച്ച അഭിപ്രായങ്ങൾ നേടിയെങ്കിലും ഒരു തിയേറ്റർ ഹിറ്റിനായുള്ള സൂര്യയുടെ കാത്തിരിപ്പ് പിന്നെയും തുടർന്നു. തനിക്ക് ചുറ്റുമുള്ളവർ ഇരുനൂറും മുന്നൂറും അഞ്ഞൂറും ക്ലബുകളിൽ സ്ഥാനമുറപ്പിച്ചപ്പോൾ സൂര്യ സിനിമകൾ 100 കോടി പോലും കടക്കാനാവാതെ കഷ്ടപ്പെട്ടു. ഇതിനിടയിൽ ശിവകാർത്തികേയൻ ഉൾപ്പെടെയുള്ള പുതിയ താരനിര കൂടി സൂര്യയ്ക്ക് വെല്ലുവിളിയായി വന്നതോടെ കാര്യങ്ങൾ വീണ്ടും കുഴപ്പത്തിലായി.
എന്നാൽ വിക്രം എന്ന സിനിമയിൽ വെറും പത്ത് മിനിറ്റ് മാത്രം നീളമുള്ള റോളെക്സ് എന്ന വില്ലൻ സൂര്യ ആരാധകരെ പോലും ഞെട്ടിച്ച തിരിച്ചുവരവായി. സോഫ്റ്റ് ആയ നായകനിൽ നിന്നും ആരും പ്രതീക്ഷിക്കാത്ത ക്രൂരനായ വില്ലനായി സൂര്യ മാറിയപ്പോൾ തിയേറ്ററുകൾ ഇളകിമറിഞ്ഞു. എന്നാൽ തൊട്ടടുത്തെത്തിയ കങ്കുവ സൂര്യയ്ക്ക് പോലും നാണക്കേടുണ്ടാക്കിയ സിനിമയായി മാറി. ഇത്തവണ സൂര്യയുടെ പ്രകടനം പോലും വിമർശനങ്ങൾക്ക് വിധേയമായി. വമ്പൻ പ്രതീക്ഷകയിൽ എത്തിയ കാർത്തിക് സുബ്ബരാജിന്റെ റെട്രോയും ആരാധകരെ പൂർണമായി തൃപ്തിപ്പെടുത്തിയില്ലെന്നാണ് റിവ്യൂസ് സൂചിപ്പിക്കുന്നത്.
കിടിലൻ ആക്ഷൻ സീക്വൻസുകൾ, വമ്പൻ മേക്കിങ്ങും ബിജിഎമ്മും ഒപ്പം ആക്ഷൻ സീനുകളിൽ ഉൾപ്പടെ അസാമാന്യ മെയ്വഴക്കത്തോടെയുള്ള സൂര്യയുടെ പ്രകടനം. ഇതൊക്കെയുണ്ടായിട്ടും പൂർണമായി റെട്രോ പ്രേക്ഷകരെ പ്രീതിപ്പെടുത്തിയോ എന്ന് സംശയമാണ്. സൂര്യ നിരാശപ്പെടുത്തിയില്ല എന്ന് പറയുമ്പോഴും ചിത്രത്തിനെക്കുറിച്ച് അങ്ങനെ പറയാൻ പലർക്കും സാധിക്കുന്നില്ല.
സൂര്യയിലെ അഭിനേതാവിന് കോട്ടമൊന്നും തെറ്റിയിട്ടില്ല, ഓരോ സിനിമകൾക്കായും അയാൾ 100 ശതമാനവും നൽകാറുണ്ട്. ഇനി പുറത്തിറങ്ങാനുള്ള ആർജെ ബാലാജി ചിത്രവും ലോകേഷ് കനകരാജിന്റെ റോളക്സ് സ്റ്റാൻഡ്അലോൺ ചിത്രവും, ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയും സൂര്യയെ ആ പഴയ പ്രതാപത്തിലേക്ക് എത്തിക്കട്ടെ. നടിപ്പിൻ നായകനെ തമിഴ് സിനിമയ്ക്ക് ആവശ്യമുണ്ട്.
Content Highlights: Will Suriya makes a comeback?