കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ... ഓരോ മലയാളിയും മോഹൻലാലിന്റെ 'സ്ലീപ്പർ സെൽ' തന്നെ

താരമായും അഭിനേതാവായും ഒരുപോലെ നിറഞ്ഞു നിന്നാണ് മോഹന്‍ലാല്‍ മലയാളികളെ തന്റെ സ്ലീപ്പര്‍ സെല്ലാക്കിയത്

'വര്‍ഷങ്ങളായി ലാലേട്ടനെ മനസ്സില്‍ കൊണ്ട് നടക്കുകയും ലാലേട്ടന്റെ ഒരു നല്ല സിനിമ ഇറങ്ങിയാല്‍ സന്തോഷിക്കുകയും ചെയ്യുന്ന സ്ലീപ്പര്‍ സെല്‍ ആരാധകരുണ്ട് ലാലേട്ടന്. അവര്‍ ഓണ്‍ലൈനില്‍ വന്നു എഴുതി വിമര്‍ശിക്കുക ഒന്നുമില്ല. അവര്‍ക്ക് ഇഷ്ടമാണ് ആ മനുഷ്യനെ. ലാലേട്ടന്‍ നല്ലൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന, പരാതിയോ പരിഭവമോ ഇല്ലാതെ നടക്കുന്ന ഒരു വലിയ വിഭാഗം ആളുകളുണ്ട്' തുടരും എന്ന സിനിമയുടെ റിലീസിന് മുന്നേ ഒരു അഭിമുഖത്തില്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞ വാക്കുകളാണിത്. തരുണ്‍ പറഞ്ഞ ആ സ്ലീപ്പര്‍ സെല്‍സ് ആരാണെന്ന് അറിയാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. ഏപ്രില്‍ 25 മുതല്‍ കേരളത്തിലെ ഒട്ടുമുക്കാല്‍ തിയേറ്ററുകളായിലും ചെന്ന് നോക്കിയാല്‍ അവിടെ ഒന്നും രണ്ടുമല്ല, നൂറുകണക്കിന് സ്ലീപ്പര്‍ സെല്ലുകളെ കാണാന്‍ കഴിയും.. അതും പല പ്രായത്തിലുള്ളവര്‍.

അത്തരത്തില്‍ ഒരു സ്ലീപ്പര്‍ സെല്‍ ആരാധികയുടെ പ്രതികരണവും വൈറലായിരുന്നു. 'രണ്ട് ദിവസം ഓടിനടന്നു. എങ്ങും ടിക്കറ്റ് കിട്ടിയില്ല. ഇന്നലെ ഒരെണ്ണം ബുക്ക് ചെയ്തു വെച്ചു. ആരും വരാനില്ല എന്റെ കൂടെ. എങ്കിലും ഈ പടം കാണണമെന്ന് തോന്നി. കണ്ടില്ലായിരുന്നുവെങ്കില്‍ തീരാനഷ്ടമായി പോയേനെ. കഴിഞ്ഞു പോകാറായി ഈ ജീവിതം' എന്നായിരുന്നു 70 കാരിയായ ആ സ്ലീപ്പര്‍ സെല്‍ പറഞ്ഞത്.

ഒരു തുടരുമില്‍ മാത്രം ഒതുങ്ങുന്നതല്ല മോഹന്‍ലാലിന്റെ ഈ സ്ലീപ്പര്‍ സെല്‍ പവര്‍. കഴിഞ്ഞ 10 വര്‍ഷത്തെ മാത്രം സിനിമകള്‍ നോക്കിയാല്‍ സ്ലീപ്പര്‍ സെല്‍സ് ഉണര്‍ന്ന പല സംഭവങ്ങളുണ്ട്. ദൃശ്യം എന്ന സിനിമ അതിനൊരു ഉദാഹരണമാണ്. തുടര്‍ച്ചയായ ചില പരാജയങ്ങള്‍ക്ക് ശേഷം വലിയ ഹൈപ്പ് ഒന്നുമില്ലാതെയാണ് ദൃശ്യം 2013 ലെ ക്രിസ്മസ് സീസണില്‍ എത്തിയത്. മോഹന്‍ലാല്‍ എന്ന താരത്തെ ആഘോഷിക്കുന്നതിനപ്പുറം അയാളിലെ പെര്‍ഫോര്‍മര്‍ നിറഞ്ഞാടിയപ്പോള്‍ തിയേറ്ററുകളില്‍ ആ സ്ലീപ്പര്‍ സെല്‍സ് ഇടിച്ച് കയറി, മലയാളത്തിലെ ആദ്യ 50 കോടിയും പിറന്നു.

രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ സ്ലീപ്പര്‍ സെല്‍സിനായി വീണ്ടും ഒരു മോഹന്‍ലാല്‍ മാജിക് വന്നു, മോഹന്‍ലാലിലെ താരത്തെ അടിമുടി ചൂഷണം ചെയ്ത പുലിമുരുകന്‍. അന്ന് സ്ലീപ്പര്‍ സെല്‍സിന് തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടനെ ആഘോഷിക്കുന്നതിന് തടയിടാന്‍ നോട്ട് നിരോധനത്തിന് പോലും കഴിഞ്ഞില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ പുലിയൂരിന്റെ പുലിമുരുകന്‍ കാണാന്‍ തിരക്ക് കൂട്ടി. മുരുകന്റെ ആ ഐകോണിക് പോസ് ഒരിക്കലെങ്കിലും അനുകരിച്ച് നോക്കാത്തവര്‍ അന്നുണ്ടായിരുന്നില്ല.

കായംകുളം കൊച്ചുണ്ണി എന്ന സിനിമയില്‍ ഒരു കുതിരപ്പുറത്തത് മോഹന്‍ലാല്‍ വന്നിറങ്ങിയപ്പോള്‍, 20 മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ഇത്തിക്കരപ്പക്കി ആ സിനിമയുടെ തലവര തന്നെ മാറ്റിമറിച്ചു. അവിടെയും നമ്മള്‍ കണ്ടത് സ്ലീപ്പര്‍ സെല്‍സ് പവര്‍ തന്നെ.

2020 ന് ശേഷം പല മോഹന്‍ലാല്‍ സിനിമകളും തിയേറ്ററുകളില്‍ വീണപ്പോള്‍ പുതുതലമുറ അയാളിലെ അഭിനേതാവിനെയും അയാളുടെ ബോക്‌സ് ഓഫീസ് പവറിനെയും ചോദ്യം ചെയ്തു. 2023 ലെ ക്രിസ്മസ് സീസണില്‍ 'I lost that touch! I'm not confident anymore' എന്ന് ഒരു മോഹന്‍ലാല്‍ കഥാപാത്രം പറഞ്ഞപ്പോള്‍ അയാളിലെ അഭിനേതാവിന് ഒന്നും പറ്റിയിട്ടില്ല എന്ന് ഉറക്കേ പറഞ്ഞുകൊണ്ട് ലാലേട്ടന്റെ സ്ലീപ്പര്‍ സെല്‍സ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തി. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് ആഗോളതലത്തില്‍ 80 കോടിക്ക് മുകളില്‍ നേടി.

പല കാലഘട്ടങ്ങളില്‍ മുണ്ടുമടക്കിയും മീശപിരിച്ചും റെയ്ബാന്‍ വെച്ചും നരസിംഹമായും പുലിമുരുകനായും ലൂസിഫറായും നിറഞ്ഞാടി മോഹന്‍ലാല്‍ തന്റെ ആരാധകരെ കോരിത്തരിപ്പിച്ചിട്ടുണ്ട്. അതിനൊപ്പം തന്നിലെ കാമുകഭാവങ്ങള്‍ പ്രകടിപ്പിച്ചും, നാണം കുണുങ്ങി ചിരിച്ചും, ഉള്ളുലച്ച് പൊട്ടിക്കരഞ്ഞും ചുറ്റുമുള്ള വ്യവസ്ഥിതികളോട് പൊരുതിയും ഒക്കെയാണ് മോഹന്‍ലാല്‍ ഓരോ മലയാളിയുടെയും മനസ്സില്‍ കയറി കൂടിയത്. താരമായും അഭിനേതാവായും ഒരുപോലെ നിറഞ്ഞു നിന്നാണ് മോഹന്‍ലാല്‍ മലയാളികളെ തന്റെ സ്ലീപ്പര്‍ സെല്ലാക്കിയത്. അത് ഒരു സിനിമയുടെ വിജയ-പരാജയം കൊണ്ട് മാറുന്ന ഒന്നല്ല.

ഒരു മോഹന്‍ലാല്‍ ചിത്രം റിലീസ് ചെയ്താല്‍, വമ്പന്‍ കട്ട് ഔട്ടും ഉയര്‍ത്തി, വെളുപ്പാന്‍കാലത്ത് തന്നെ ആദ്യ ഷോ ആഘോഷപൂര്‍വ്വം കാണുന്ന കട്ട ഫാന്‍സ് എന്നും മോഹന്‍ലാലിന്റെ ശക്തി തന്നെയാണ്. എന്നാല്‍ ഒരു മോഹന്‍ലാല്‍ ചിത്രം വീഴുമ്പോള്‍ അതിലെ നിരാശ മനസ്സില്‍ ഒതുക്കി, അടുത്ത മോഹന്‍ലാല്‍ ചിത്രം വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന.. അടുത്ത മോഹന്‍ലാല്‍ പടത്തിന് നല്ല പ്രതികരണം വരുമ്പോള്‍ തിയേറ്ററുകളിലേക്ക് ഇരച്ചുകയറുന്ന സ്ലീപ്പര്‍ സെല്‍ ആരാധകര്‍, അവരാണ് മോഹന്‍ലാലിനെ ലാലേട്ടന്‍ ആക്കി മാറ്റുന്നത്.

Content Highlights: Who are the Sleeper cell fans of Mohanlal

To advertise here,contact us